ഇസ്ലാമിക നിയമങ്ങൾ വ്യക്തികൾക്കോ പാർട്ടികൾക്കോ വേണ്ടി തിരുത്താനാവില്ലെന്നും പണ്ഡിതന്മാർ പറഞ്ഞ കാര്യത്തിൽ മാറ്റമില്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പൊതു ഇടങ്ങളിൽ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത സർക്കുലറിനെ തുടർന്നുള്ള വിവാദങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലപ്പുറം: സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ. ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതൻമാർ മതവിധികൾ പറയുന്നത്. സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്. അതുകൊണ്ട് തന്നെ സമസ്ത പണ്ഡിതൻമാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ വലിയ വിവാദമായിരുന്നു. നബിദിന റാലിയുടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെ പ്രകോപിപ്പിച്ചത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിൽ പറഞ്ഞത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തേണ്ടത്. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിലുണ്ടായിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കം രംഗത്തെത്തിയിരുന്നു.
