ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവ് നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാട് കടത്തുക. 6 മാസത്തേക്കാണ് നാടുകടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാബീഗം അറിയിച്ചു.

തൃശ്ശൂര്‍: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്.ഡിഐജി അജിതാ ബീഗമാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് നിഥിൻ പുല്ലനെതിരെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവിട്ടത്. 6 മാസത്തേക്ക് നാടുകടത്താനാണ് തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

ഡിസംബർ 22നായിരുന്നു നിഥിൻ പുല്ലന്‍റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്തത്. ഐടിഐ തെരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ വിജയാഹ്ലാദത്തിനിടെ പൊലീസുമായി സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിഥിൻ പുല്ലൻ പൊലീസ് ജീപ്പിന്‍റെ ഗ്ലാസ് തകർത്തത്. പൊലീസ് പിടികൂടിയ നിഥിനെ ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മോചിപ്പിച്ചത് വിവാദമായിരുന്നു. 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 13 നാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജീപ്പ് തകർത്തത് ഉൾപ്പെടെ ചാലക്കുടി, ആളൂർ സ്റ്റേഷനുകളിലായി നാല് കേസുകളിൽ പ്രതിയാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് നിഥിൻ പുല്ലൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്