Asianet News MalayalamAsianet News Malayalam

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: ചികിത്സയ്ക്ക് 1 ലക്ഷം ചോദിച്ചെത്തിയ എൻ്റോസൾഫാൻ ഇരക്ക് കിട്ടിയത് 5000 രൂപ

അര്‍ബുദ ബാധിതയായ സഹോദരി നാരായണിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് ലക്ഷ്മി

Karaduka society fraud endosulfan victim accuses bank for not paying back money
Author
First Published May 23, 2024, 6:42 AM IST

കാസര്‍കോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പ് ഇരയായവരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയും. ദുരിതാശ്വാസ തുക നിക്ഷേപത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സഹോദരിയുടെ ചികിത്സാ ആവശ്യത്തിനായി പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ അയ്യായിരം രൂപ നല്‍കി മടക്കി അയച്ചുവെന്നാണ് മുണ്ടോള്‍ സ്വദേശി ലക്ഷ്മിയുടെ പരാതി. സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ 58കാരി ലക്ഷ്മി, സുപ്രീംകോടതി വിധി പ്രകാരം ആശ്വാസ ധനമായി കിട്ടിയ അഞ്ച് ലക്ഷം രൂപ കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിച്ചത്. ചികിത്സയ്ക്കും മറ്റുമായി പിന്‍വലിച്ചതിന്‍റെ ബാക്കി രണ്ടര ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. അര്‍ബുദ ബാധിതയായ സഹോദരി നാരായണിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ സൊസൈറ്റിയില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് ലക്ഷ്മി പറയുന്നു,

ഇപ്പോള്‍ ആശുപത്രിയിലുള്ള സഹോദരിയുടെ ചികിത്സയ്ക്കും മരുന്നിനുമായി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ലക്ഷ്മി. ലക്ഷ്മിയും സഹോദരി മീനാക്ഷിയും അര്‍ബുദ ബാധിതയായ നാരായണിയും മാത്രമാണ് വീട്ടില്‍. ജീവിത മാര്‍ഗ്ഗം പെന്‍ഷന്‍ മാത്രം. നിക്ഷേപം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവരിപ്പോള്‍. കാറഡുക്ക സൊസൈറ്റിയില്‍ ഇട്ട തുക ഒരിക്കലും നഷ്ടപ്പെടില്ലെന്നും തിരിച്ച് നല്‍കുമെന്നുമാണ് ഭരണ സമിതി പറയുന്നത്. എന്നാല്‍ ചികിത്സാ ആവശ്യത്തിന് പോലും ഈ തുക കിട്ടിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ നിക്ഷേപമെന്നാണ് ഇവരെപ്പോലെയുള്ളവര്‍ ചോദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios