Asianet News MalayalamAsianet News Malayalam

കരമന ദുരൂഹമരണം; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴികള്‍ പൊളിയുന്നു, നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്

ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. 

Karamana death police find more evidence
Author
Karamana, First Published Sep 19, 2020, 7:04 AM IST

തിരുവനന്തപുരം: കൂടത്തായി മോഡല്‍ കൊലപാതകമെന്ന സംശയമുയര്‍ന്ന തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. ജയമാധവന്‍റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്‍റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചും വിവരം കിട്ടി. ഇതോടെ ഉമാമന്ദിരത്തിന്‍റെ സ്വത്തുക്കളുടെ വിൽപ്പനയും നിർമ്മാണ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനും രജിസ്ട്രേഷന്‍ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നൽകി.

ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്. ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയത്. 

അബോധാവസ്ഥയില്‍ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു രവീന്ദ്രൻ നൽകിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വിൽക്കാൻ തനിക്ക് അനുമതി പത്രം നൽകിയെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ അസി.കമ്മീഷണർ സുൽഫിക്കറിന്‍റെ നേതൃത്വത്തിൽ ശേഖരിച്ചു. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് പ്രധാനം. ജയമാധവന്‍ നായരെ താന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. 

സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം അയൽവാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെതെന്ന കാര്യവും സംശയം ഉണര്‍ത്തുന്നു.   മാത്രമല്ല ജയമാധവന്‍റെ വീട്ടിൽ വച്ച് വിൽപ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ഒപ്പിട്ട സാക്ഷികളിൽ ഒരാളായ അനിൽ, തൻറെ വീട്ടിൽകൊണ്ടുവന്നാണ് രവീന്ദ്രൻ പേപ്പർ ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചു. മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്ന ജയമാധവന്‍ മദ്യം വാങ്ങി നൽകിയിരുന്നുവെന്നതിന് രവീന്ദ്രൻ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്. 

ജയമാധവന്‍റെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉള്‍പ്പെടെയുളളവര്‍ യോഗം ചേർന്ന് രേഖകളുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാൻ ഗൂഡാലോചന നടത്തിയതിന്‍റെ തെളിവുകളും  ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വത്തുക്കള്‍ വില്‍ക്കാനുളള രവീന്ദ്രന്‍റെയും ബന്ധുക്കളുടെയും നീക്കത്തിനെതിരെ അന്വേഷണ സംഘം നടപടി തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios