വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇത്തരം പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണെന്നും മന്ത്രിയാകാൻ യോഗ്യതയുണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ പറഞ്ഞു.
ആലപ്പുഴ: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ഇത്തരം പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണ്. മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു.
"എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല"- ജി സുധാകരൻ പറഞ്ഞു.
പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ ആരിൽ നിന്നെങ്കിലും വരുന്നുണ്ടെങ്കിൽ വിളഞ്ഞല്ല പഴുത്തത് എന്ന് കരുതിയാൽ മതി. വിളയാതെ പഴുത്തതാ. സ്വയം ഉള്ളിലോട്ട് നോക്കട്ടെ. താൻ ഈ പോസ്റ്റ് വരെ വരാൻ യോഗ്യനാണോയെന്ന് സ്വയം നോക്കട്ടെ. ആണെങ്കിൽ ആ യോഗ്യത നിലനിർത്തട്ടെ എന്നതല്ലാതെ ആരെപ്പറ്റിയും ഒന്നും പറയാനില്ലെന്ന് സുധാകരൻ വ്യക്തമാക്കി. സജി ചെറിയാന്‍റെ പേര് പറയാതെയാണ് സുധാകരന്‍റെ വിമർശനം.
സജി ചെറിയാന്‍റെ വിവാദ പരാമർശം, പിന്നാലെ ഖേദപ്രകടനം
വര്‍ഗീയ ധ്രുവീകരണം അറിയാൻ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കണം എന്നാണ് സജി ചെറിയാൻ പറഞ്ഞത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു- "നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്"- എന്നാണ് സജി ചെറിയാൻ പറഞ്ഞത്.
വലിയ വിവാദമായതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് മന്ത്രി സജി ചെറിയാൻ പരാമർശം പിൻവലിച്ചത്. തന്‍റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ് മന്ത്രിയുട വാദം. ഒരു വിഭാഗത്തിനെതിരെ താൻ പറഞ്ഞെന്ന പ്രചാരണമുണ്ടായി. തന്‍റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയിൽ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാനാവില്ല. 42 വര്‍ഷത്തെ പൊതു ജീവിതം ഒരു വര്‍ഗീയതയോടും സമരസപ്പെട്ടല്ല കടന്നു പോയത്. വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കി. താൻ പറഞ്ഞത് തെറ്റിദ്ധരിച്ച് തന്‍റെ ഉദ്ദേശ്യശുദ്ധിയെ മനസില്ലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നുമാണ് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.



