കെപിസിസി അധ്യക്ഷന്‍റെ ചുമതലയിലേയ്ക്ക് കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുന്നതോടെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അധ്യക്ഷന്‍റെ ചുമതല കൈാറും. കെപിസിസി അധ്യക്ഷന്‍റെ ചുമതലയിലേയ്ക്ക് കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ് എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം.

സണ്ണി ജോസഫ് അടക്കമുള്ള ഭൂരിപക്ഷം സിറ്റിങ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. പേരാവൂരിൽ സണ്ണി ജോസഫ് വീണ്ടും ജനവിധി തേടുമ്പോള്‍ കെപിസിസി അധ്യക്ഷ ചുമതല കൈമാറേണ്ടി വരും. നേരത്തെ കെപിസിസി അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണനാ പട്ടികയിലുണ്ടായിരുന്നയാളാണ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്. നിയമസഭയിലേയ്ക്ക് മത്സരിക്കാൻ കൊടിക്കുന്നിലിനും താല്‍പര്യമുണ്ടെങ്കിലും എംപിമാരെ മത്സരിപ്പിക്കേണ്ടെന്നതാണ് പൊതുധാരണ. 

മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെസി ജോസഫിന്‍റെ പേരും കെപിസിസി അധ്യക്ഷ ചുമതലയിലേയ്ക്ക് പരിഗണിക്കേണ്ടവരെക്കുറിച്ചുള്ള ചര്‍ച്ചകളിലുണ്ട്. സമുദായ സംഘടനകളുമായുള്ള അടുപ്പം കൂടി കണക്കിലെടുത്താകും തീരുമാനം. ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന അഭിപ്രായമുണ്ട്. തെര‍‍ഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും ചുമതലാ കൈമാറ്റം.

തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ ഏതെങ്കിലും ഒരു നേതാവിനെ നിയോഗിക്കില്ല. കൂട്ടായ നേതൃത്വമാകും നയിക്കുക. അതേസമയം, പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയുടെ പേരാണ് സംസ്ഥാനത്തെ നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നത്. സ്ക്രീനിങ് കമ്മിറ്റിയോട് സ്ഥാനാര്‍ഥികളുടെ പേര് നിര്‍ദ്ദേശിക്കാൻ കെപിസിസി തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച ചേരും. ഓരോ ജില്ലയിലെ നേതാക്കളുടെയും അഭിപ്രായം തേടും. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഓരോ ജില്ലയിലെയും കോര്‍ കമ്മിറ്റി അംഗങ്ങള്‍, എംഎൽഎമാര്‍ എന്നിവരടക്കമുള്ള നേതാക്കളെ വെവ്വേറേ കെപിസിസി നേതൃത്വം കാണും.

YouTube video player