കോഴിക്കോട്: സ്വർണ കള്ളക്കടത്ത് കേസിലേക്ക് തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാക്ക്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ലെന്നും കാരാട്ട് റസാക്ക് പ്രതികരിച്ചു. അന്വേഷണ ഏജൻസികൾ തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. പ്രത്യേജ അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ പേര് പറഞ്ഞത് പ്രതികളല്ല പ്രതിയുടെ ഭാര്യയാണ്. മൊഴി വിശ്വസനീയമല്ല. പുറത്ത്  നിൽക്കുന്നവരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്നും എംഎൽഎ പ്രതികരിച്ചു. 

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് കാരാട്ട് റസാക്കിനെക്കുറിച്ച് പരാമർശിച്ചത്. സന്ദീപ് തന്നോട് പറഞ്ഞതിൽ കെടി റമീസിന്റെയും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നും ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചതെന്നും റമീസ് വഴിയായിരുന്നു ഇടപെടലെന്നുമാണ് സൌമ്യയുടെ മൊഴി. 

ഈ മൊഴിയടങ്ങിയ റിപ്പോർട്ട് കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചു.റിപ്പോർട്ടിൽ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്ക് എന്നാണ് തെറ്റായി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ക്ലറിക്കൽ തെറ്റ് മാത്രമാണെന്നാണ് കസ്റ്റംസ് വ്യത്തങ്ങളുടെ പ്രതികരണം. അതേ സമയം അദ്ദേഹം എംഎൽഎയാണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പരാമർശിച്ചില്ല.