തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പ്രതികള്‍ തന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് ഇടത് എംഎല്‍എ കാരാട്ട് റസാഖ്. ന്യൂസ് അവറിലാണ് കാരാട്ട് റസാഖ് വിശദീകരണം നല്‍കിയത്. പ്രതിയുടെ ഭാര്യയാണ് തന്‍റെ പേര് പരാമര്‍ശിച്ചതെന്നും അത് കേട്ടറിഞ്ഞ മൊഴിയെന്നുമാണ് കാരാട്ട് റസാഖിന്‍റെ പ്രതികരണം. 

പ്രതിയുടെ ഭാര്യ തന്‍റെ പേര് പരാമര്‍ശിച്ചത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റും മുസ്ലീം യൂത്ത് ലീഗിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്തില്‍ തന്‍റെ പേര് പരാമര്‍ശിച്ചു. ഇവര്‍ക്ക് എങ്ങനെയാണ് തന്‍റെ പേര് ലഭിച്ചതെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എങ്ങനെയാണ് മുന്‍കൂട്ടി പേര് ലഭിക്കുകയെന്നും കാരാട്ട് റസാഖ് ചോദിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസുമായും പ്രതികളുമായും ബന്ധമില്ല. അബദ്ധത്തില്‍ പോലും പ്രതികളുമായി ഫോണില്‍ സംസാരിച്ചിട്ടില്ല. ഒരു ഏജന്‍സിക്കും നിയമപരമായി തന്നെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല.  കാരാട്ട് ഫൈസലുമായി അയല്‍വാസിഎന്നതിന് അപ്പുറമുള്ള ബന്ധമില്ല. കോടിയേരിയുമായി നല്ല ആത്മബന്ധമാണുള്ളത്. കൊടുവള്ളിയെ മോശമായി ചിത്രീകരിക്കാന്‍ ലീഗ് ബിജെപിയെ കൂട്ടുപിടിക്കുന്നെന്നും കാരാട്ട് റസാഖ് ന്യൂസ് അവറില്‍ പറഞ്ഞു. 

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് കാരാട്ട് റസാഖിനെക്കുറിച്ച് പരാമർശിച്ചത്. സന്ദീപ് തന്നോട് പറഞ്ഞതിൽ കെടി റമീസിന്‍റെയും കാരാട്ട് റസാഖിന്‍റെയും പേരുണ്ട്.ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചതെന്നും റമീസ് വഴിയായിരുന്നു ഇടപെടലെന്നുമാണ് സൗമ്യയുടെ മൊഴി.