ബെംഗളൂരുവിലെ ഫ്ലാറ്റില്‍ അഞ്ചല്‍ സ്വദേശിനിയായ കാര്‍ത്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ബെംഗളൂരു പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
കൊല്ലം: അഞ്ചല്‍ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച കാര്‍ത്തികയുടെ ഭര്‍ത്താവിനെതിരെയാണ് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കാര്‍ത്തികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഫെബ്രുവരി 20നാണ് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ അഞ്ചല്‍ സ്വദേശിനിയായ കാര്‍ത്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും നാല് വയസുള്ള മകള്‍ക്കും ഒപ്പമായിരുന്നു താമസം. സംഭവ ദിവസം അമ്മ ഇന്ദിര കുമാരിയുമായി കാര്‍ത്തിക ഫോണില്‍ സംസാരിച്ചിരുന്നു.
കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതില്‍ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് കാർത്തികയുടെ ഭർത്താവ് ഫ്ലാറ്റിന് സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ലിഫ്റ്റിൽ കയറാതെ നിഖിൽ സ്റ്റെപ്പ് ഇറങ്ങിപ്പോകുന്ന ദൃശ്യമുണ്ട്. അച്ഛാ വാ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോ എന്ന് കുഞ്ഞ് പറയുന്നുണ്ടായിരുന്നുവെന്നും കാർത്തികയുടെ അമ്മ പറയുന്നു
എട്ട് വര്‍ഷം മുന്‍പായിരുന്നു കാര്‍ത്തികയുടെ വിവാഹം. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് ഭർത്താവ്. ജോലിയുടെ ഭാഗമായി നിഖില്‍ മെക്‌സികോയില്‍ പോയി വന്ന ശേഷം മകളുമായി അകന്നെന്ന് കുടുംബം പറയുന്നു. കുടുംബ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ ചെല്ലുംതോറും വഷളായി. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കാര്‍ത്തിക ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശം കുടുംബത്തിന്‍റെ പക്കലുണ്ട്. ബെംഗളൂരു പൊലീസ് മകളുടെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് കുടുംബം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

