Asianet News MalayalamAsianet News Malayalam

Karayi Brothers | 'തെളിവ് മായ്ക്കാനാകില്ലെ'ന്ന് രാജൻ, 8 വർഷത്തിന് ശേഷം കാരായിമാർ കണ്ണൂരിലേക്ക്

'ഞാനടക്കമുള്ളവർ കളവായി പ്രതി ചേർക്കപ്പെട്ടവരാണ്. പുറത്തുവന്ന തെളിവുകൾ അങ്ങനെ തേച്ചുമായ്ച്ച് കളയാനാകില്ല. പ്രതികളാക്കപ്പെട്ടവരുടെ നുണപരിശോധനാ റിപ്പോർട്ടുകൾ പരിഗണിക്കണം', കാരായി രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട്.

Karayi Brothers Rajan Chandrasekharan To Reach Kannur Today
Author
Kannur, First Published Nov 5, 2021, 12:23 PM IST

കണ്ണൂർ/ കൊച്ചി: എട്ട് വർഷത്തിന് ശേഷം ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് കണ്ണൂരിലെത്തും. ഫസൽ വധം ആസൂത്രണം ചെയ്തത് കാരായി സഹോദരൻമാർ തന്നെയാണെന്ന സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ദിവസം തന്നെയാണ് ഇരുവരും കണ്ണൂരിലെത്തുന്നത്. എട്ട് വർഷമായി ഇരുവരും എറണാകുളത്തായിരുന്നു താമസം. 

ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന്  തലശ്ശേരിയിലെത്തുന്ന ഇരുവർക്കും സിപിഎം സ്വീകരണം നൽകും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സ്വീകരണ യോഗം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. തലശ്ശേരിയില്‍നിന്ന് രാജനെ കതിരൂര്‍ സി.എച്ച്. നഗറിലേക്കും ചന്ദ്രശേഖരനെ കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും. ഫസൽ വധക്കേസിലെ ഗൂ‍ഡാലോചനയിൽ പ്രതി ചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്. ഒന്നരക്കൊല്ലത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു താമസം.

ഇരുവരും കണ്ണൂരിലേക്ക് പോകാൻ തീരുമാനിച്ച ദിവസം തന്നെ സിബിഐയുടെ തുടരന്വേഷണ റിപ്പോർട്ട് പുറത്തായതിന് പിന്നിൽ എന്തെന്ന് മാധ്യമപ്രവർത്തകർ തന്നെ അന്വേഷിച്ച് കണ്ടുപിടിക്കണമെന്നാണ് കാരായി രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ''ഞാനടക്കമുള്ളവർ കളവായി പ്രതി ചേർക്കപ്പെട്ടവരാണ്. പുറത്തുവന്ന തെളിവുകൾ, പ്രത്യേകിച്ച് ഡിജിറ്റലായുള്ള തെളിവുകൾ, ശബ്ദരേഖകൾ, വീഡിയോ ക്ലിപ്പിംഗുകൾ, മൊബൈൽ ഫോണുകൾ, അതൊന്നും അങ്ങനെ തേച്ചുമായ്ച്ച് കളയാനാകില്ല. ഞങ്ങളെല്ലാം നുണപരിശോധനയ്ക്ക് വിധേയരായവരാണ്. പ്രതികളാക്കപ്പെട്ടവരുടെ നുണപരിശോധനാ റിപ്പോർട്ടുകൾ പരിഗണിക്കണം'', കാരായി രാജൻ ആവശ്യപ്പെടുന്നു. 

തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഫസലിന്‍റെ രക്തബന്ധത്തിലുള്ള സഹോദരൻ തന്നെയാണെന്നും, അതിലിനി തുടർനടപടികൾ ആലോചിക്കേണ്ടത് അവർ തന്നെയാണെന്നും കാരായി രാജൻ പറയുന്നു. 

2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാൽ കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ് കുറ്റസമ്മതമൊഴി നൽകിയിരുന്നു. 

ഫസല്‍ വധക്കേസില്‍ ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനാക്കുറ്റമാണ് സിബിഐ ചുമത്തിയത്. കേസില്‍ പ്രതികളായ ഇരുവരും 2012 ജൂണ്‍ 22-ന് എറണാകുളം മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരായി. ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2013 നവംബര്‍ എട്ടിന് ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്ഥപ്രകാരം എറണാകുളത്തായിരുന്നു താമസം. ഇതിനിടയില്‍ രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനുമായി. നാട്ടിലേക്ക് വരാൻ കഴിയാതെ വന്നതോടെ ഇരുവർക്കും സ്ഥാനങ്ങൾ രാജിവയ്ക്കേണ്ടി വന്നു. 

വർഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കേസാണ് തലശ്ശേരി ഫസൽ വധം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകക്കേസുകളിൽ സിബിഐ ഏറ്റെടുത്ത ആദ്യകേസ് കൂടിയാണ് ഫസൽ വധം. 

Follow Us:
Download App:
  • android
  • ios