അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിയത്. 

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്കാണ് അർജുൻ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരാകാൻ അർജുന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിശ്ചയിച്ച സമയത്തിന് മുന്നെ തന്നെ അര്‍ജുൻ കൊച്ചിയിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അർജുൻ ആയങ്കി ഒളിവിലായിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകുമോ എന്ന സംശയം നിലനിൽക്കെയാണ് അഭിഭാഷകനൊപ്പം അർജുൻ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിയത്. രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ. 

അര്‍ജുൻ ആയങ്കി ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നത് അടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. ഇത്തരം കാര്യങ്ങളും ഒപ്പം അർജുൻ ഇടനിലക്കാരനാണെങ്കിൽ സ്വർണ ഇടപാട് ആര്‍ക്ക് വേണ്ടി അതിനുള്ള ഫണ്ട് എവിടെ നിന്ന് തുടങ്ങി നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കിട്ടാനുള്ളത്. മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഷഫീഖിനെ കസ്റ്റഡിയിൽ കിട്ടിയാൽ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. 

പതിവ് തട്ടകമായ തില്ലങ്കേരിയിൽ നിന്ന് മാറി പള്ളൂരിലേക്ക് അർജുൻ ആയങ്കി കഴിഞ്ഞ ദിവസങ്ങളിൽ മാറിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona