കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് 173 യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. അതിൽ ചിലർ അത്യാസന്ന നിലയിലാണ്. ലാന്റിങിന് മുൻപ് തന്നെ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധിക്ക് മുഹമ്മദ്, ഫാത്തിമ എന്നിവരാണ് തങ്ങളുടെ അനുഭവം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചത്.

"വിമാനം ലാന്റ് ചെയ്തതിന് മുൻപ് ആകാശത്ത്, നിർത്താനാവാത്ത രീതിയിൽ കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു. പിന്നെ എന്തേ പൈലറ്റിന് തോന്നിയതാവോ, പോയിറ്റ് ലാന്റ് ചെയ്യാൻ. ഞാൻ ചിറകിന്റെ ബാക്കിലായിരുന്നു. കാണാതെ പോയി വീഴില്ലേ? അത് പോലെയായിരുന്നു ലാന്റ് ചെയ്തത്. മൊത്തം രണ്ടായി മുറിഞ്ഞു. ഞാൻ ബെൽറ്റ് ഇട്ടിരുന്നു. എന്നിട്ടും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു. എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു. ഞാൻ തന്നെ  എമർജൻസി ഡോറിൽ കൂടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു," എന്നും സിദ്ധിഖ് പറഞ്ഞു.

"ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങൾ അതിന്റെ ഉള്ളിൽ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകൾ മരിച്ചതൊക്കെ അറിഞ്ഞത്. മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുൻപ് തന്നെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടിരുന്നു. പൊതുവേ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോൾ സമാധാനമായി. എന്നാൽ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങിനേ പോയി അത് ക്രാഷായി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും ഒക്കെയുണ്ടായിരുന്നു. ഏറ്റവും ഒടുവിലാണ് പുറത്തിറങ്ങിയത്," യാത്രക്കാരിയായ ഫാത്തിമയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.