ദുബായിൽനിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവം സ്വർണം പൊട്ടിക്കലാണെന്ന നിഗമനത്തിൽ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു. സിനിമാ സ്റ്റൈലിൽ നടന്ന ചേസിങ്ങിനൊടുവിൽ പുളിക്കലിൽവെച്ചാണ് പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചത്.
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകലിൽ വീണ്ടും ട്വിസ്റ്റ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പൊലീസ്. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു.
ദുബായിൽനിന്നും സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവം സ്വർണം പൊട്ടിക്കലാണെന്ന നിഗമനത്തിൽ പൊലീസ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പിന്തുടർന്നു. സിനിമാ സ്റ്റൈലിൽ നടന്ന ചേസിങ്ങിനൊടുവിൽ പുളിക്കലിൽവെച്ചാണ് പൊലീസ് കാർ തടഞ്ഞ് പ്രതികളെ പിടികൂടി യുവതിയെ മോചിപ്പിച്ചത്.
എന്നാൽ, പ്രതികളെയും പ്രിയങ്കയെയും ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകൽ നാടകമാണ് കരിപ്പൂരിൽ അരങ്ങേറിയതെന്ന് വ്യക്തമായത്. സ്വർണവുമായെത്തിയ പ്രിയങ്കയെ കാറിലെത്തി തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്തെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രിയങ്കയും ഇതിൽ പങ്കുചേർന്നു. പ്രിയങ്കയുടെ ഭർത്താവും ഇതേ കാറിലുണ്ടായിരുന്നു. പ്രിയങ്കയും ഭർത്താവും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ആദ്യംനൽകിയ വിവരം. എന്നാൽ, വിശദമായ അന്വേഷണത്തിലും ചോദ്യംചെയ്യലിലുമാണ് ഭർത്താവിന് പങ്കില്ലെന്ന് തെളിഞ്ഞത്.
പ്രിയങ്കയും നാട്ടുകാരനും സുഹൃത്തുമായ ശ്രീലാലും ചേർന്നാണ് തട്ടിക്കൊണ്ടുപോകലും സ്വർണകവർച്ചയും ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പ്രിയങ്കയും ശ്രീലാലും ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയതിന്റെ വാട്സാപ്പ് തെളിവുകളും പൊലീസിന് ലഭിച്ചു. പ്രിയങ്കയെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ ഇവരുടെ ഭർത്താവും ഉണ്ടായിരുന്നു. എന്നാൽ, സ്വർണം കടത്തിക്കൊണ്ടുവരുന്ന വിവരം പ്രിയങ്ക ഭർത്താവിനെ അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് പോകാൻ പ്രിയങ്ക തന്നെയാണ് നാട്ടിൽനിന്ന് ഈ കാർ ഏർപ്പാടാക്കിയത്. ഭർത്താവിനോടും ഈ വാഹനത്തിൽ വരാൻ പ്രിയങ്ക ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിനെ പ്രതിചേർക്കാതെ വിട്ടയച്ചെങ്കിലും കേസിൽ പ്രിയങ്കയും ശ്രീലാലും അടക്കമുള്ള നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






