Asianet News MalayalamAsianet News Malayalam

സ്വയം മരണത്തിലേക്ക് പറന്നിറങ്ങുമ്പോഴും പരമാവധി ജീവനുകൾ കാത്തു, ക്യാപ്റ്റൻ സാഠേ!

മൂന്ന് ദശകങ്ങളിലധികമായി വിമാനം പറത്തിയ പരിചയമുണ്ടായിരുന്നു അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സപ്രസിന്‍റെ ക്യാപ്റ്റന്‍ ദീപക് സാഠെയ്ക്ക്. ദീര്‍ഘകാലമായി വ്യോമസേനയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ദീപക് സാഠെ എയര്‍ ഇന്ത്യയില്‍ പൈലറ്റായത്.

karipur flight accident captain deepak sathe was brave enough to save many lives
Author
Kozhikode International Airport, First Published Aug 8, 2020, 6:26 AM IST

കോഴിക്കോട്: വൈകിട്ട് 7.41-ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 1344 എയർ ഇന്ത്യ എക്സ്പ്രസ് ദുബായ് - കോഴിക്കോട് എന്ന വന്ദേഭാരത് വിമാനത്തിന്‍റെ നിയന്ത്രണം ദുബായ് സമയം നാലേമുക്കാലോടെ കയ്യിലെടുക്കുമ്പോൾ, ക്യാപ്റ്റൻ ദീപക് വസന്ത് സാഠെയ്ക്ക് ഒരു ആശങ്കയുമുണ്ടായിരുന്നിരിക്കില്ല. വെല്ലുവിളികളേറെയുള്ള കരിപ്പൂരിലെ ടേബിൾ ടോപ്പ് വിമാനത്താവളം പോലെയുള്ള നിരവധിയിടങ്ങളിലേക്ക് അദ്ദേഹം ഇതിന് മുമ്പും വിമാനങ്ങൾ അതീവവൈദഗ്ധ്യത്തോടെ പറത്തിയിറക്കിയിരുന്നല്ലോ! എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്‍ധ വൈമാനികരിലൊരാളായിരുന്നു ക്യാപ്റ്റൻ ഡി വി സാഠെ. മുപ്പത് വർഷത്തോളം ഫ്ലൈയിംഗ് എക്സ്പീരിയൻസുള്ളയാൾ. 

ഒരു കുന്നിൻമുകളിലാണ് കരിപ്പൂർ വിമാനത്താവളം. 2700 മീറ്റർ റൺവേ. രണ്ടറ്റത്തും താഴ്ന്ന ഇടം. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഠെ ലാൻഡിങിന് ശ്രമിക്കുന്നത്. ആദ്യ ശ്രമത്തിൽ ലാൻഡിങ് നടന്നില്ല. രണ്ടാം ശ്രമത്തിൽ പിഴച്ചു. 

റൺവേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങൾ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റർ മാറിയ ശേഷം മുൻ ചക്രവും. കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ നിയന്ത്രിക്കാൻ ക്യാപ്റ്റൻ അവസാന ശ്രമം നടത്തി. മഴയായതിനാൽ അത് നടന്നില്ല. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി മതിൽ തകർത്ത് പുറത്തേക്ക്. നാൽപ്പതടി താഴ്ചയിലേക്ക് കുത്തനെ വീണു. രണ്ടായി പിളർന്നു. 

ലാൻഡിംഗ് പല തവണ കറങ്ങിയ ശേഷമായിരുന്നുവെന്ന് യാത്രക്കാർ തന്നെ പറയുന്നു. രാജ്യത്തെ ഞെട്ടിച്ച മംഗളുരു വിമാനദുരന്തത്തിൽ വിമാനം പൂർണമായും കത്തിയമർന്നിരുന്നു. ഇന്ധനം കത്തിയതിനാലാണ് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂർണമായും തീർത്ത് ലാൻഡിംഗിന് പൈലറ്റ് സാഠെ ശ്രമിച്ചത് എന്നാണ് സൂചന. ഒപ്പം കൈകോർത്ത് കോ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറും കൂടെ നിന്നു. 

മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റൻ സാഠെ ആ അന്തിമതീരുമാനമെടുക്കുമ്പോൾ തിരിച്ചറിഞ്ഞിരിക്കണം. എങ്കിലും പരമാവധി ജീവനുകൾ കാത്തുകൊണ്ടാണ് അദ്ദേഹം വിമാനമിറക്കിയത്. പക്ഷേ കനത്ത മഴയായതിനാൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിച്ചിരിക്കാമെന്നും വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു. എന്താണ് സംഭവിച്ചതെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സടക്കം ലഭിക്കേണ്ടി വരും. 

അപകടം നടന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്ക് തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. കോ പൈലറ്റ് അഖിലേഷ് കുമാർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. 

നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ക്യാപ്റ്റൻ സാഠെ ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാഡമിയില്‍ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്. ദീര്‍ഘകാലം വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തി. 22 വര്‍ഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോൾ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു.

എയര്‍ ഇന്ത്യയില്‍ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എക്സിപെരിമെന്‍റൽ ടെസ്റ്റ് പൈലറ്റായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയില്‍ എയര്‍ബസ് 310 പറത്തിയതിന് ശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ബോയിങ് 737-ന്‍റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഠെ അറിയപ്പെട്ടിരുന്നത്. സാഠെയുടെ രണ്ട് മക്കളും ഐഐടിയില്‍ വിദ്യാര്‍ഥികളാണ്.

സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്!

Follow Us:
Download App:
  • android
  • ios