Asianet News MalayalamAsianet News Malayalam

കരിപ്പൂർ വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്

Karipur flight accident CM directs AC moitheen to take charge
Author
Karipur, First Published Aug 7, 2020, 9:29 PM IST

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ  അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.  തൃശൂരിൽ നിന്ന് മന്ത്രി കരിപ്പൂരിലേക്ക് പുറപ്പെട്ടു. 

ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ  എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു. മരണങ്ങളിൽ മുഖ്യമന്ത്രി അനുശോചനം  രേഖപ്പെടുത്തി.

രാത്രി 7.38 ഓടെയാണ് അപകടം നടന്നത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 നമ്പർ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 30-50 അടിയോളം താഴ്ചയിലേക്ക് വീണു. വിമാനം രണ്ടായി പിളർന്നുപോയി. 167 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയടക്കം രണ്ട് പേർ മരിച്ചതായാണ് വിവരം.

ശക്തമായ മഴയുണ്ടായിരുന്നു. ടേബിൾ ടോപ് എയർപോർട്ടായതും അപകടത്തിന് കാരണമായി. മംഗലാപുരത്ത് മുൻപ് നടന്ന വിമാന അപകടത്തിന് തുല്യമായ അപകടമാണ് സംഭവിച്ചത്. റൺവേയിൽ മുന്നോട്ട് കയറിയാണ് വിമാനം ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. രാത്രി 7.38 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ രക്ഷിക്കാൻ നാട്ടുകാരും ഫയർ ഫോഴ്സും തീവ്ര ശ്രമം തുടരുകയാണ്. ജില്ലാ കളക്ടർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

താഴ്ചയിലേക്ക് വീണ വിമാനം വാതിലിന്റെ ഭാഗത്ത് നിന്ന് രണ്ടായി പിളർന്നു. കോക്പിറ്റ് മുതൽ മുൻഭാഗത്തെ വാതിൽ വരെയുള്ള ഭാഗം മുറിഞ്ഞു. രണ്ട് പേർ മരിച്ചതായി സ്ഥിരീകരികാത്ത വിവരമുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ ഇത് വരെ 20 പേരെ എത്തിച്ചു.

Follow Us:
Download App:
  • android
  • ios