Asianet News MalayalamAsianet News Malayalam

കേന്ദ്രമന്ത്രി വി മുരളീധരൻ കരിപ്പൂരിൽ, മുഖ്യമന്ത്രിയും ഗവർണറും കേന്ദ്രവ്യോമയാന മന്ത്രിയുമെത്തും

എന്താണ് കരിപ്പൂരിൽ ഇത്തരത്തിലുള്ള അപകടം സംഭവിക്കാൻ കാരണമെന്നതിൽ വിശദമായ അന്വേഷണം ഡിജിസിഎ നടത്തും. എയർ പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരുസംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.

karipur flight accident v muralidharan cm to visit the spot of accident
Author
Kozhikode International Airport, First Published Aug 8, 2020, 6:59 AM IST

കോഴിക്കോട്: കരിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരൻ എത്തി. പുലർച്ചെ രണ്ട് മണിയോടെ ദില്ലിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം പുലർച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദ‌ർശിക്കുകയും നില വിലയിരുത്തുകയും ചെയ്യുമെന്നാണ് വിവരം. രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇവർ കണ്ടേക്കും. കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും കരിപ്പൂരിൽ ഇന്ന് എത്തും.

എന്താണ് കരിപ്പൂരിൽ ഇത്തരത്തിലുള്ള അപകടം സംഭവിക്കാൻ കാരണമെന്നതിൽ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരു ഏജൻസികളുടെയും വിദഗ്‍ധസംഘങ്ങളും കേന്ദ്രവിദേശകാര്യമന്ത്രി ദില്ലിയിൽ നിന്ന് എത്തിയ അതേ വിമാനത്തിൽ മുംബൈയിൽ നിന്ന് കയറി, കരിപ്പൂരിലെത്തിയിട്ടുണ്ട്. അവരിപ്പോൾ അപകടസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പൊലീസുദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്‍റെ നടപടിക്രമങ്ങൾക്കായി അവരെ സഹായിക്കാനെത്തിയിട്ടുണ്ട്. 

ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയെന്നായിരുന്നു ഡിജിസിഎയുടെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ബ്ലാക് ബോക്സ് അടക്കം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ഇപ്പോൾ തുടർന്നുവരികയാണ്. ഇന്നലെ രാത്രി രണ്ടരയോടെ രക്ഷാപ്രവർത്തനം പൂർണമായും അവസാനിപ്പിച്ചിരുന്നു. മന്ത്രി എ സി മൊയ്‍ദീൻ ആണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ സർക്കാരിന് വേണ്ടി ഏകോപനം നടത്തിയത്. മന്ത്രി കെ കെ ശൈലജ രാത്രി എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏകോപനവും നടത്തി. സ്ഥലത്ത് ഇനിയാരും കുടുങ്ങിക്കിടപ്പില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് രക്ഷാപ്രവ‍ർത്തനം അവസാനിപ്പിച്ചത്. ഇവിടെ രണ്ട് പേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് ചില റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ നൽകിയെങ്കിലും അത് ശരിയല്ലെന്ന് രക്ഷാദൗത്യസംഘം തന്നെ വ്യക്തമാക്കിയിരുന്നു. 

അപകടം നടന്ന വിവരം അറിഞ്ഞയുടൻ ദില്ലിയിൽ വ്യോമയാന മന്ത്രാലയം അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിജിസിഎ ഡയറക്ടർ ജനറലും, എയർ ഇന്ത്യയുടെ പ്രതിനിധികളും, എയർപോർട്ട് അതോറിറ്റിയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇതിന് ശേഷമാണ് കേന്ദ്രമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios