Asianet News MalayalamAsianet News Malayalam

കരിപ്പൂർ ദുരന്തം: മരണം 18, ഗർഭിണികളും കുട്ടികളും അടക്കം 15 പേരുടെ നില ഗുരുതരം

ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ല, വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

karipur plane crash death toll and other details
Author
Kozhikode International Airport, First Published Aug 8, 2020, 11:27 AM IST

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികസ്ഥിരീകരണം. ആദ്യം 19 മരണം എന്നാണ് മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ പറഞ്ഞിരുന്നതെങ്കിലും, തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരിക്കേറ്റ് എത്തിയതല്ല, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 

അസുഖം ബാധിച്ച് മരിച്ച ഒരു പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇത് കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് അധികൃതർ മരണം 19 എന്ന് ആദ്യം പറഞ്ഞത്. പിന്നീട് മലപ്പുറം, കോഴിക്കോട് ജില്ലാ ഭരണകൂടമടക്കം 18 പേരാണ് കരിപ്പൂരിൽ മരിച്ചതെന്ന് സ്ഥിരീകരിച്ചു. 

രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവിധ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് മൈത്ര ആശുപത്രിയിലുള്ള ഗർഭിണിയായ ആയിഷ ഷംല (30)യുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള ഗർഭിണികൾ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിരവധിപ്പേർക്ക് ഗുരുതരമായ പരിക്കുണ്ട് എന്ന് ജില്ലാ കളക്ടർ അറിയിക്കുന്നു. അതേസമയം, ചിലർ അപകടനില തരണം ചെയ്തിട്ടുണ്ട്. 

കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളിൽ 5 പേർ മരിച്ചു. 

മരിച്ചവരുടെ പേര് വിവരങ്ങൾ:

കോഴിക്കോട് മെഡിക്കൽ കോളേജിൽ: (28 പേർ ചികിത്സയിൽ)
1. ലൈലാബി, 51, മലപ്പുറം, എടപ്പാൾ സ്വദേശിനി
2. മനാൽ അഹമ്മദ്, 25, വടകര നാദാപുരം സ്വദേശിനി
3. ഷഹീർ സയ്യിദ്, 36, തിരൂർ സ്വദേശി
4. മുഹമ്മദ് റിയാസ്, 24, പാലക്കാട് മുണ്ടക്കോട്ട് കുറിശ്ശി സ്വദേശി
5. അയിഷ ദുവ, രണ്ട് വയസ്സ്, പാലക്കാട്
6. സിനോബിയ, 40 വയസ്സ്

മൈത്ര ആശുപത്രി: (7 പേർ ചികിത്സയിൽ)
ആരും മരിച്ചിട്ടില്ല

ബേബി മെമ്മോറിയൽ ആശുപത്രി: (29 പേർ ചികിത്സയിൽ)

7. ഷറഫുദ്ദീൻ, 35, കുന്നമംഗലം പിലാശ്ശേരി സ്വദേശി
8. രാജീവൻ ചെരക്കാപ്പറമ്പിൽ, 61, ബാലുശ്ശേരി സ്വദേശി

ബീച്ച് ആശുപത്രി: (13 പേർ ചികിത്സയിൽ)

ആരും മരിച്ചിട്ടില്ല

മിംസ് ആശുപത്രി (39 പേർ ചികിത്സയിൽ)

9. ഷെസ ഫാത്തിമ, രണ്ട് വയസ്സ്
10. അഖിലേഷ് കുമാർ - കോ പൈലറ്റ് 
11. ദീപക് സാഠേ - പൈലറ്റ്
12. സുധീർ വാര്യത്ത്, 46 വയസ്സ്

റെഡ് ക്രസന്‍റ് ആശുപത്രി, കോഴിക്കോട് - 7 പേർ ചികിത്സയിൽ

13. ജാനകി കുന്നോത്ത്, 55 വയസ്സ്, കോഴിക്കോട്

കോഴിക്കോട് മാതൃശിശു ആശുപത്രി - (3 കുട്ടികൾ ചികിത്സയിൽ)

14. അസം മുഹമ്മദ്  ചെമ്പായി- 10 മാസം, കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശി
15. ഷാഹിറ ബാനു, 29, അഫ്സലിന്‍റെ അമ്മ, കോഴിക്കോട് സ്വദേശി
16. ശാന്ത മരയ്ക്കാട്ട്, 59, തിരൂർ നിറമരുതൂർ സ്വദേശി
17. രമ്യ മുരളീധരൻ, 32 വയസ്സ്, കോഴിക്കോട്
18. ശിവാത്മിക, 5 വയസ്സ്, കോഴിക്കോട്

ഇഖ്റ ആശുപത്രി- 5 പേർ ചികിത്സയിൽ

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 13 ആശുപത്രികളിലായിട്ടാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് മിംസ്, കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, ഇഖ്റ ആശുപത്രി, മൈത്ര ആശുപത്രി, കൊണ്ടോട്ടി മേഴ്സി ആശുപത്രി, ഫറോക്ക് ക്രസന്‍റ് ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, റിലീഫ് ആശുപത്രി കൊണ്ടോട്ടി, എംബി ആശുപത്രി, മലപ്പുറം, അൽമാസ് കോട്ടയ്ക്കൽ, ബി എം പുളിക്കൽ, ആസ്റ്റർ പന്തീരങ്കാവ് എന്നീ ആശുപത്രികളിലായാണ് ആളുകൾ ചികിത്സയിലുള്ളത്. 

അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അന്വേഷണം തുടങ്ങി. 

സംഭവിച്ചതെന്ത്?

കൊവിഡും കാലവര്‍ഷക്കെടുതിയും ദുരിതം വിതയ്ക്കുന്നതിനിടെയാണ് കരിപ്പൂരില്‍ മറ്റൊരു ദുരന്തം പറന്നിറങ്ങിയത്. രാത്രി 7.40-ന് മഴ തകര്‍ത്തു പെയ്യുന്നതിനിടെയായിരുന്നു സംഭവം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബായില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 

റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടര്‍ന്ന് ചെരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയും ചെയ്തതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. പരിക്കേറ്റവരെ മഞ്ചേരിയിലെയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളജുകളിലും കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് യാത്രക്കാര്‍ക്കും വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേയ്ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് സഹ പൈലറ്റ് അഖിലേഷ് കുമാറും മറ്റ് 14 യാത്രക്കാരും മരണത്തിന് കീഴടങ്ങി.

ദുരന്തത്തില്‍ അനുശോചനമറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ യാത്രക്കാര്‍ക്ക് സഹായമെത്തിക്കാനായി എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയതായി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദശാനുസരണം കരിപ്പൂരിലെത്തിയ മന്ത്രി മന്ത്രി എ.സി മൊയ്തീന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യാത്രക്കാരുടെ ലഗേജുകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. ''പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. അപകടത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിൽ തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം'', എന്നും മന്ത്രി. 

കാലാവസ്ഥ പ്രതികൂലമെന്ന അറിയിപ്പൊന്നും വിമാനത്തില്‍ നല്‍കിയിരുന്നില്ലെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. അതേസമയം, ലാന്‍ഡിംഗില്‍ അസ്വഭാവിക തോന്നിയിരുന്നതായും യാത്രക്കാര്‍ പറഞ്ഞു. ടേബിള്‍ ടോപ്പ് ഘടനയുളള മംഗലാപുരത്ത് 2010-ല്‍ ദുരന്തമുണ്ടയാതു മുതല്‍ ഇതേ ഘടനയുളള കരിപ്പൂരിലും ജാഗ്രത വേണമെന്ന് പല ഘട്ടങ്ങളിലും ആവശ്യമുയര്‍ന്നിരുന്നു. 

ഇക്കഴിഞ്ഞ ജൂലൈയില്‍ റണ്‍വേയിലെ തകരാറും വെളളക്കെട്ടും ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നിട്ടും ഭൂമിയേറ്റെടുക്കലടക്കമുളള പ്രശ്നങ്ങളില്‍ കുരുങ്ങി നടപടികള്‍ വൈകി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതു സംബന്ധിച്ച വിശദമായ അന്വേഷണം വ്യോമയാന മന്ത്രാലയം നടത്തിയേക്കും.

Follow Us:
Download App:
  • android
  • ios