മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് ഈ പണം നിക്ഷേപിച്ചതെന്നും കോടതി ആരാഞ്ഞു. എന്നാല്‍ പണം മുഴുവന്‍ നിക്ഷേപിച്ചത് മുഹമ്മദ് അനൂപല്ലെന്നും, കഴിഞ്ഞ 8 വർഷത്തിനിടെ പഴം പച്ചക്കറി മത്സ്യ വ്യാപാരം വഴിയെത്തിയ പണമാണിതെന്നും അഭിഭാഷകന്‍ മറുപടി നല്‍കി.

ബെംഗളൂരു: അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടി രൂപ നിക്ഷേപിച്ചതാരെന്ന് വ്യക്തമാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകനോട് കർണാടക ഹൈക്കോടതി. മുഹമ്മദ് അനൂപല്ലെങ്കില്‍ മറ്റാരാണ് പണം നിക്ഷേപിച്ചതെന്ന് രേഖകൾ സഹിതം തെളിയിക്കാനും ജാമ്യഹർജി പരിഗണിക്കവേ കോടതി നിർദേശിച്ചു. കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെ‍ഞ്ചിന് മുന്നില്‍ ഇത് മൂന്നാം തവണയാണ് ബിനീഷ് കോടിയേരിയുടെ ജാമ്യഹർജിയെത്തുന്നത്. ബിനീഷിന്‍റെ അക്കൗണ്ടിലെത്തിയ 5 കോടി രൂപ എവിടുന്ന് വന്നതെന്ന് കോടതി ചോദിച്ചു. മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപല്ലെങ്കില്‍ പിന്നെ ആരാണ് ഈ പണം നിക്ഷേപിച്ചതെന്നും കോടതി ആരാഞ്ഞു. എന്നാല്‍ പണം മുഴുവന്‍ നിക്ഷേപിച്ചത് മുഹമ്മദ് അനൂപല്ലെന്നും, കഴിഞ്ഞ 8 വർഷത്തിനിടെ പഴം പച്ചക്കറി മത്സ്യ വ്യാപാരം വഴിയെത്തിയ പണമാണിതെന്നും അഭിഭാഷകന്‍ മറുപടി നല്‍കി. കുറ്റപത്രത്തില്‍ പണം മുഴുവന്‍ നിക്ഷേപിച്ചത് മുഹമ്മദ് അനൂപാണെന്ന് പറയുന്നില്ല, ഇഡി കേസിന് തന്നെ ആധാരമായ മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതിചേർത്തിട്ടില്ലെന്നും അഭിഭാഷകന്‍ ആവർത്തിച്ചു. എന്നാല്‍ ബാങ്കിടപാട് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അഭിഭാഷകനാകുന്നില്ലെന്നും, രേഖകൾ സഹിതം ഇത് തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തെളിവ് സമർപ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കാമെന്നറിയിച്ച കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

അച്ഛന്‍ കോടിയേരി ബാലകൃഷ്ണന് ക്യാന്‍സർ ബാധ നാലാം സ്റ്റേജിലെത്തിയെന്നും, മകനായ താന്‍ ശ്രുശ്രൂഷിക്കാന്‍ അടുത്തുവേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷയുമായി കർണാടക ഹൈക്കോടതിയിലെത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 211 ദിവസം പിന്നിട്ടു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona