തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ  കർണാടക ആർടിസി കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച കേരളത്തിൽ നിന്ന് 30ൽ അധികം സർവ്വീസുകൾ ഉണ്ടാകും. 

എറണാകുളം ,കോഴിക്കോട്, തൃശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ബസുകൾ സർവ്വീസ് നടത്തുക. തിരക്ക് നേരിടാൻ ഇന്ന് ബെംഗളൂരുവിൽ നിന്ന് ഇരുപത്തിയഞ്ചോളം അധിക സർവ്വീസുകളാണ് കേരള ആർടിസി നടത്തുന്നത്. കർണാടകം കൂടുതലായി 21 ബസുകൾ ഇന്ന് കേരളത്തിലേക്ക് ഓടിക്കുന്നുണ്ട്.

സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ നേരിയ വർധനയാണുള്ളത്. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തിൽ ഇരട്ടിയിലധികമാണ് വർധന. കണ്ണൂർ, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്പെഷ്യൽ സർവീസുകളും ഫലം കാണുന്നുണ്ട്. വാരാന്ത്യങ്ങളിലാണ് തിരക്കേറുക.