കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ നടത്തിയത് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നില്ലെന്ന് സംവിധായകൻ ആഷിഖ് അബു. വിഷയത്തിൽ ഹൈബി ഈഡൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അതേസമയം കരുണ പരിപാടിയിലൂടെ പരിഞ്ഞുകിട്ടിയ 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ ചെക്ക് കൂടി തെളിവായി പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 14നാണ് തുക കൈമാറിയത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ (കെഎംഎഫ്)നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ പുറത്തുവന്നിരുന്നു. എന്നാൽ, ആറരലക്ഷത്തിൽ താഴെ തുകമാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാർച്ച് 31നകം തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാൽ വ്യക്തമാക്കിയിരുന്നു.

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചിലവിൽ നടത്തിയ പരിപാടിയാണിതെന്ന് പറഞ്ഞ ആഷിഖ് അബു, ഹൈബി ഈഡന്റെ ഓഫീസിൽ നിന്ന് സൗജന്യ പാസ് ആവശ്യപ്പെട്ടുവെന്നും അത് നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കൽപ്പം തന്നെയില്ലല്ലോ എന്ന ചോദ്യത്തോടെയാണ് ഇത് പറഞ്ഞിരിക്കുന്നത്.

ആഷിഖ് അബുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

എറണാകുളം എംപി
ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും.

താങ്കളുടെ അറിവിലേക്കായി ,
ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ.
ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ ഫൌണ്ടേഷൻ തീരുമാനിച്ചതാണ്.
അത് കൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേർക്കുന്നു ).
" കൊച്ചി ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവെലിന്റെ" പ്രഖ്യാപനത്തിനായി,
കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ പൂർണമായും സ്വന്തം ചിലവിൽ നടത്തിയ പരിപാടിയാണ്.
അതുകൊണ്ടാണ് താങ്കളുടെ ഓഫീസിൽ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂർത്തീകരിക്കാനായത്.
ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുൻനിരക്കാരായ കലാകാരന്മാർ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണൽ സ്പോർട്സ് സെന്ററിന്റെ (RSC) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷൻ,RSC ഭാരവാഹികളോട് അഭ്യർത്ഥിക്കുകയും അവർ സ്നേഹപൂർവ്വം അനുവദിക്കുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങൾക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കൾക്കറിയുന്നതാണല്ലോ. റീജിണൽ സ്പോർട്സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോർട്സ് സെന്ററിനോട് അഭ്യർത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വിൽപ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസിൽ നിന്ന് പാസുകൾക്കായി വിളിച്ച പോലൊരു ഫോൺ വിളിയിൽ വളരെ വ്യക്തമായി അറിയാൻ സാധിക്കുമായിരുന്ന കാര്യങ്ങൾ താങ്കൾ മനഃപൂർവം ഒഴിവാക്കിയതാവാം.
മറ്റു ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാൽ താങ്കൾ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു.
എന്നാൽ, സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൌണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് "തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു " എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കൾ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

ബഹുമാനപൂർവ്വം

ആഷിഖ് അബു