Asianet News MalayalamAsianet News Malayalam

സിപിഎം നേതാവ് എം കെ കണ്ണൻ ഇ ഡി ഓഫീസിൽ, കരുവന്നൂർ കേസിൽ ചോദ്യംചെയ്യുന്നു

എം കെ കണ്ണൻ  പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.

Karuvannur bank scam CPM leader Mk kannan In ED Office apn
Author
First Published Sep 25, 2023, 11:32 AM IST

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, സിപിഎം നേതാവ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നു. തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമാണ് കണ്ണൻ. എം കെ കണ്ണൻ  പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാനാണ് ഇന്ന് വിളിച്ചുവരുത്തിയത്.  

കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പിപി കിരണും സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് അന്വേഷിക്കുന്നത്. പി പി കിരണിന് കരുവന്നൂരിൽ നിന്ന് വായ്പ ലഭിക്കാൻ ഒന്നര കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരണമെന്ന് തട്ടിപ്പിലെ പ്രധാന പ്രതിയും മുൻ  ബാങ്ക് മാനേജറുമായ ബിജു കരീം ആവശ്യപ്പെട്ടിരുന്നു. ഈ തുക നൽകിയത് കള്ളപ്പണ ഇടപാടുകാരൻ സതീഷ് കുമാർ ആണ്.

എം.കെ കണ്ണൻ പ്രസിഡന്‍റായ തൃശ്ശൂർ കോ ഓപ്പറേറ്റീവ് ബാങ്കിൽ സതീഷ് നടത്തിയ ബെനാമി നിക്ഷേപത്തിൽ നിന്നാണ് തുക കരുവന്നൂരിലേക്ക് ട്രാൻസ്ഫർ ചെയ്തത്. ഈ പണമിടപാട് സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പൊലീസ് കേസ് ഉണ്ടാവുകയും എ സി മൊയ്തീൻ, എംകെ കണ്ണൻ അടക്കമുള്ളവർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സതീഷ് കുമാറിന് ഒന്നരകോടി രൂപയ്ക്ക് പകരം മൂന്നര കോടിരൂപ പലിശ സഹിതം കൈമാറിയാണ് പ്രശ്നം പരിഹരിച്ചത്. കരുവന്നൂർ ബാങ്കിൽ നിന്നാണ് പി പി കിരൺ ഈ പണം സതീഷിന് നൽകിയത്. മൂന്ന് ബാഗുകളിൽ ഈ പണം സതീഷിന്‍റെ വീട്ടിലെത്തിച്ചപ്പോൾ അരവിന്ദാക്ഷനും മധുവും അടക്കമുള്ള സിപിഎം നേതാക്കളും സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് സാക്ഷി മൊഴിയുണ്ട്. ഇത് സംബന്ധിച്ചാണ്  എംകെ കണ്ണനെ ചോദ്യം ചെയ്യുന്നത്. 

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ എ സി മൊയ്തീൻ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുന്നതിലും ഇഡി ഇന്ന്  തീരുമാനമെടുക്കും. ബെനാമി ലോൺ തട്ടിപ്പിൽ എ സി മൊയ്തീനിനെതിരെ തെളിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേരത്തെ രണ്ടാം തവണയും ചോദ്യം ചെയ്യതിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും നിയമസഭയിൽ ക്ലാസ് ഉണ്ടെന്ന് ചൂണ്ടികാട്ടി എ സി മൊയ്തീൻ വിട്ട് നിൽക്കുകയായിരുന്നു. നിലവിൽ അറസ്റ്റിലുള്ള സതീഷ് കുമാർ, ലോൺ എടുത്ത് മുങ്ങിയ അനിൽ കുമാർ അടക്കമുള്ളവരുമായി എ.സി മൊയ്തീനിന് അടുത്ത ബന്ധമാണുള്ളത്.  തൃശ്സൂരിൽ കൂടുതൽ പരിശോധനകളും വേണ്ടിവരുമെന്നാണ് ഇഡി അറിയിക്കുന്നത്. ഇഡിയ്ക്കെതിരെ പരാതി ഉന്നയിച്ച പി.ആർ അരവിന്ദാക്ഷൻ, അനൂപ് കാട, അടക്കമുള്ളവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. അതേ സമയം, ഇഡി ഉദ്യോഗസ്ഥർ വ്യാജ മൊഴി നൽകാൻ  മർദ്ദിച്ചെന്ന അരവിന്ദാക്ഷന്‍റെ പരാതിയിൽ 7 ദിവസം പിന്നിട്ടിട്ടും പോലീസ് കേസ് എടുത്തിട്ടില്ല.

കരുവന്നൂർ തട്ടിപ്പിൽ പെരുവഴിയിലായത് 5000ത്തിലേറെ നിക്ഷേപകർ: 150 കോടി നൽകാനുണ്ടെന്ന് കണക്ക്

 

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

 

 

 

 

Follow Us:
Download App:
  • android
  • ios