Asianet News MalayalamAsianet News Malayalam

കള്ളപ്പണം വെളുപ്പിച്ചോ? ഇഡി അന്വേഷണം; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതിക്ക് കോടികളുടെ ഇടപാടുകൾ, ദുരൂഹത

മുഖ്യപ്രതി വെളപ്പായ സതീശന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പരിശോധനിക്കുന്നത്.

Karuvannur Bank Scam Enforcement Directorate collect detail form Ayyanthole Bank nbu
Author
First Published Sep 17, 2023, 7:40 AM IST

തൃശൂര്‍: കരുവന്നൂരിന് പിന്നാലെ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും ഇഡിയുടെ പരിശോധന. മുഖ്യപ്രതി വെളപ്പായ സതീശന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പത്ത് കൊല്ലത്തിനിടെ നടന്ന ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് പരിശോധനിക്കുന്നത്. ഇഡി ശേഖരിച്ച സതീശന്‍റെ ബാങ്ക് രേഖകളുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്‍റെ അയ്യന്തോള്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ 2013 ഡിസംബർ 27ന് നടന്ന ഇടപാടുകള്‍ ശ്രദ്ധേയമാണ്. അമ്പതിനായിരം രൂപ വീതം ഇരുപത്തിയഞ്ച് തവണ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നത് രേഖകളില്‍ വ്യക്തമാണ്. തൊട്ടടുത്ത കൊല്ലം മാര്‍ച്ച് ഇരുപത്തിയേഴിനും മേയ് പത്തൊൻപതിനും ജൂണ്‍ പത്തിനും സമാന നിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. സതീശന്‍റെയും കുടുംബത്തിന്‍റെയും പത്ത് വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റുകളില്‍ ഇങ്ങനെ ആവര്‍ത്തിച്ചുള്ള നിക്ഷേപങ്ങള്‍ കാണാം. പത്ത് കൊല്ലത്തിനിടെ കോടിക്കണക്കിന് രൂപയാണ് സതീശന്‍റെയും കുടുംബാങ്ങളുടെയും അയ്യന്തോള്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ എത്തിയിരിക്കുന്നത്. എന്നാലിപ്പോള്‍ അക്കൗണ്ടുകളിലുള്ളത്  തുശ്ചമായ തുക മാത്രമാണ് അതായത് പണമായി അയ്യന്തോള്‍ ബാങ്കില്‍ നിക്ഷേപിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു. 

ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അയ്യന്തോളിലെ സതീശന്‍റെയും കുടുംബാഗങ്ങളുടെയും അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചത്. ഇഡി ആവശ്യപ്പെട്ടത് പ്രകാരം അക്കൗണ്ട്  വിവരങ്ങളുടെ വിശദമായ സ്റ്റേറ്റ്മെന്‍റും ബാങ്ക് കൈമാറിയിട്ടുണ്ട്. കരുവന്നൂര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗം പി കെ ഷാജന്‍റെ ഭാര്യ അയ്യന്തോള്‍ ബാങ്കിലെ ജീവനക്കാരിയാണ്. സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവ് ബേബി ജോണിന്‍റെ മകളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. പൂര്‍ണ മായും സിപിഎം നിയന്ത്രണത്തിലുള്ള അയ്യന്തോള്‍ ബാങ്കും കരുവന്നൂരിന് പിന്നാലെ കള്ളപ്പണം വെളിപ്പിക്കാനുള്ള സുരക്ഷിത ഇടമായി സതീശന് മാറ്റിയോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിലേക്കും പരിശോധന വ്യാപിപ്പിച്ച് ഇഡി

Follow Us:
Download App:
  • android
  • ios