Asianet News MalayalamAsianet News Malayalam

കരുവന്നൂരിലേത് 104 കോടിയുടെ ക്രമക്കേടെന്ന് മന്ത്രി, സിപിഎം അറിവോടെയെന്ന് പ്രതിപക്ഷം, സഭയിൽ പ്രതിഷേധം

അടിയന്തിര പ്രമേയത്തിന് ഷാഫി പറമ്പിൽ എംഎൽഎ സഭയിൽ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

karuvannur bank scam kerala niyamasabha
Author
Thiruvananthapuram, First Published Jul 23, 2021, 11:39 AM IST

തിരുവനന്തപുരം: തൃശൂർ കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരിലേതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ബാങ്ക് ക്രമക്കേട് നേരത്തെ അറിഞ്ഞിട്ടും സിപിഎം മൂടിവെച്ചുവെന്നും പാർട്ടി നേതാക്കൾക്കും തട്ടിപ്പിൽ വലിയ പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അടിയന്തിര പ്രമേയത്തിന് ഷാഫി പറമ്പിൽ എംഎൽഎ സഭയിൽ നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

നൂറിലേറെ കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂ‍ർ സഹകരണബാങ്ക് വിഷയം സഭയിൽ ഉയന്നതോടെ സഹകരണ വകുപ്പ് മന്ത്രി വിഷയത്തിൽ വിശദീകരണം നൽകി. 104.37 കോടിയുടെ ക്രമക്കേടാണ് നടന്നെന്ന് മന്ത്രി വിഎൻ വാസവൻ സഭയെ അറിയിച്ചു. കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ  അന്വേഷണം തുടരുകയാണെന്നും ഇതോടൊപ്പം സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. തട്ടിപ്പിൽ പങ്കുള്ള 7 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു. 

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളക്കാണ് സിപിഎം നേതൃത്വം നൽകിയതെന്നും സഭ നിർത്തി വെച്ചു വിഷയം ചർച്ച ചെയ്യണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഒരു രൂപയുടെ വായ്പ എടുക്കാത്തവർ പോലും 100 കോടി വരെ തിരിച്ചു അടക്കേണ്ട സ്ഥിതി. സിപിഎം നേരത്തെ അന്വേഷണം നടത്തി തട്ടിപ്പ് ബോധ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തട്ടിപ്പ് വിവരങ്ങളെല്ലാം സിപിഎം പൂഴ്ത്തിവെച്ചുവെന്നും ഷാഫി ആരോപിച്ചു. എന്നാൽ പാർട്ടി പാർട്ടി അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്നും ഉത്തരവാദിത്തപ്പെട്ട പാർട്ടി എന്ന നിലക്കായിരുന്നു അന്വേഷണം നടത്തിയതെന്നുമായിരുന്നു ഇതിൽ മന്ത്രിയുടെ വിശദീകരണം. 

2018 മുതൽ സിപിഎം അന്വേഷിക്കുന്ന തട്ടിപ്പ് കേസിൽ ഇന്നലെ മാത്രമാണ് ഭരണ സമിതി പിരിച്ചു വിട്ടതെന്നും സിപിഎം ജില്ലാ നേതൃത്വം വിവരങ്ങൾ മറച്ചുവെക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. 2018 ൽ ഒരു സ്ത്രീ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല.  വലിയൊരു ക്രൈം നടന്നിട്ടും അത് ഒതുക്കിതീർക്കാനാണ് സിപിഎം ശ്രമിച്ചത്. സിപിഎം ജില്ലാ സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടും പൂഴ്ത്തിവെച്ചു. കൂടുതൽ വിവരം പുറത്തു വന്നാൽ സിപിഎം നേതാക്കൾ കുടുങ്ങും. വിഷയം പൊലീസിനേയും സഹകരണ വകുപ്പിനെയും അറിയിക്കാൻ സിപിഎം തയ്യാറായില്ലെന്നും വിഡി സതീശൻ ആരോപിച്ചു. 
 

Follow Us:
Download App:
  • android
  • ios