Asianet News MalayalamAsianet News Malayalam

Karuvannur Bank Scam| കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആറ് പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു

തട്ടിപ്പിൽ നേരിട്ട് പങ്കാളികളായ ബാങ്ക് സെക്രട്ടറിയും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്നവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.

Karuvannur Bank Scam six accuseds assets  freezes
Author
Thrissur, First Published Nov 22, 2021, 9:34 AM IST

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur bank scam) കേസിലെ ആറ് പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായ ബാങ്ക് സെക്രട്ടറിയും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്നവരുടെ ആസ്തികളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്.

ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടൻ്റ് ജിൽസ്, സൂപ്പർമാർക്കറ്റ് അക്കൗണ്ടൻറായിരുന്ന റെജി അനിൽ, കമ്മിഷൻ ഏജൻ്റ് ബിജോയ്, ഇടനിലക്കാരൻ പി പി കിരൺ എന്നിവർക്കെതിരെയാണ് നടപടി. മുഖ്യ സൂത്രധാരനായ കിരണിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തട്ടിപ്പിലെ പണം ഉപയോഗിച്ച് എവിടെയെല്ലാമാണ് സ്വത്തുക്കൾ വാങ്ങിയതെന്ന് ഇതോടെയാണ് വ്യക്തമായത്.

Read Also: കരുവന്നൂരിലേത് 104 കോടിയുടെ ക്രമക്കേടെന്ന് മന്ത്രി, സിപിഎം അറിവോടെയെന്ന് പ്രതിപക്ഷം, സഭയിൽ പ്രതിഷേധം

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്. ഈ ഭരണസമിതിയെ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് പിരിച്ചു വിട്ടിരുന്നു. പല രീതിയിലാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 100 ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവരിലൊരാളുടെ മകളുടെ വിവാഹച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്കെടുത്തതിന്‍റെ ചിത്രങ്ങൾ പുറത്ത് വന്നത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. കേസിലെ പ്രതി അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുടെ മകളുടെ വിവാഹത്തിന് മന്ത്രിയും; ആർ ബിന്ദു വിവാദത്തിൽ

അതേസമയം, കോടികൾ വായ്പ്പയെടുത്ത് മുങ്ങിയവർക്കെതിരെ ജപ്തിയടക്കമുള്ള നടപടികൾ സ്വീകരിക്കാതെ, ബാങ്ക് സാധാരണക്കാർക്ക് മാത്രം ജപ്തി നോട്ടീസ് അടക്കമുള്ള നടപടിയെടുക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios