തിരുവനന്തപുരം: കെഎഎസ് പ്രാഥമിക പരീക്ഷ കട്ടിയാക്കിയതിനെ ന്യായീകരിച്ച് പിഎസ്‍സി ചെയർമാൻ. പ്രാഥമിക പരീക്ഷയുടെ ഷോ‍ർട്ട് ലിസ്റ്റ് രണ്ടുമാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും ചെയർമാൻ എം കെ സക്കീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പതിവ് പിഎസ്‍സി പരീക്ഷ പോലെയായിരുന്നില്ല ഇന്നലെ നടന്ന കെഎഎസ് പ്രാഥമിക പരീക്ഷ. സിവിൽ സർവീസ് പരീക്ഷയുടെ നിലവാരത്തിലുളള ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് വന്നത്. ചോദ്യം തന്നെ വായിച്ചുമനസിലാക്കാൻ പാടുപെട്ടു എന്നായിരുന്നു കെഎഎസ് കഴിഞ്ഞപ്പോൾ പലരുടേയും പ്രതികരണം. പരീക്ഷയ്ക്കു പിന്നാലെ വ്യാപകമായി ട്രോളുകളും പിറന്നു.

Read more at: കെഎഎസ് പരീക്ഷ എഴുതി കണ്ണ് നിറഞ്ഞാലെന്താ, ട്രോള്‍ വായിച്ചാല്‍ ചിരി നില്‍ക്കില്ല..

മൂന്നര ലക്ഷത്തിലേറെ പേരിൽ നിന്നാണ് അയ്യായിരം പേരെ ഫൈനൽ പരീക്ഷക്ക് തെര‍ഞ്ഞെടുക്കേണ്ടത്. അതിനാൽ പരീക്ഷ കട്ടിയാക്കാതെ മറ്റ് തരമില്ലെന്നാണ് പിഎസ് സി ചെയർമാന്റെ മറുപടി. രാജ്യത്തെ മികച്ച അധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും മെയിൻ പരീക്ഷ ഇതിലും കട്ടിയായിരിക്കും എന്നും എം കെ സക്കീർ മുന്നറിയിപ്പ് നൽകി. 

മെയിൻ പരീക്ഷയുടെ തീയതി അടക്കമുളള വിവരങ്ങൾ അധികം വൈകാതെ പിഎസ്‍സി പുറത്തുവിടും. ക്രമക്കേടുകൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രതയോടെയായിരുന്നു പരീക്ഷ നടപടികൾ. ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് വിശദമായ പരിശോധന നടത്താനും പിഎസ്‍സി തീരുമാനിച്ചിട്ടുണ്ട്.

Read more at: ചോദ്യങ്ങൾ കടുകട്ടി; കെഎഎസ് ആദ്യ ഘട്ട പരീക്ഷ പൂർത്തിയായി ...