Asianet News MalayalamAsianet News Malayalam

കാസർകോട്ട് ദേശീയ പതാക തലകീഴായി കെട്ടിയ സംഭവം; കര്‍ശന നടപടി വേണമെന്ന് ഐഎന്‍എല്‍

പതിവ് റിഹേഴ്സല്‍ നടന്നിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. മന്ത്രിക്കെതിരെ ആക്രോശങ്ങള്‍ നടത്തുന്ന ബി.ജെ.പി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നുണ്ട്. 

kasargod incident where the national flag was tied upside down inl demands stern action
Author
Kasaragod, First Published Jan 26, 2022, 5:56 PM IST

കോഴിക്കോട്: കാസര്‍ക്കോട്ട് തുറമുറ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക തല കീഴായി കെട്ടിയ സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നിൽ മന:പൂര്‍വം ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു. 

പതാക തല കീഴായി കെട്ടിയത് ഗുരുതര വീഴ്ചയാണ്. പതിവ് റിഹേഴ്സല്‍ നടന്നിരുന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. മന്ത്രിക്കെതിരെ ആക്രോശങ്ങള്‍ നടത്തുന്ന ബി.ജെ.പി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയര്‍ത്തുന്നുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം, എ.ഡി.എം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത് സ്വാഗതാര്‍ഹമാണ്. കൊടിമരത്തില്‍ പതാക സജ്ജീകരിക്കാന്‍ ചുമതലപ്പെട്ടവരും അതിനു മേല്‍നോട്ടം വഹിച്ചവരും ആരാണെന്ന് കണ്ടത്തെി അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചാലേ ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കൂവെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ( Ahamed Devarkovil) പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. മന്ത്രി പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം, എകെ രാമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ജില്ലയിലെ എംപിയും, എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു. 

Read Also: ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി

Follow Us:
Download App:
  • android
  • ios