Asianet News MalayalamAsianet News Malayalam

കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കുഞ്ഞിനെ ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് വെന്റിലേറ്ററിൽ നിന്ന് മാറ്റുമെന്ന് ഡോക്ടർമാർ

Kasargod Trivandrum Child heart patient Sreechithra Institute Ambulance Mission
Author
Thiruvananthapuram, First Published Jul 12, 2019, 11:04 PM IST

തിരുവനന്തപുരം:  കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന രണ്ട് ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അതേസമയം കുഞ്ഞിനെ ഇത്രയും ദൂരം റോഡ് മാർഗ്ഗം കൊണ്ടുവന്നത് മുന്നറിയിപ്പ് അവഗണിച്ചാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിമർശിച്ചു. 

കുഞ്ഞിന്റെ ആരോഗ്യനില അടുത്ത 48 മണിക്കൂർ തൃപ്തികരമായി തുടരണമെന്നും ഇതിന് ശേഷമേ ഹൃദ്യം പദ്ധതിയിൽ വേണ്ട ചികിത്സ ലഭ്യമാക്കാൻ സാധിക്കൂവെന്നും കുട്ടിയുടെ ബന്ധുക്കളെ നേരത്തേ അറിയിച്ചിരുന്നതായി ഹൃദ്യം സംസ്ഥാന നോഡൽ ഓഫീസർ ഡോ.ശ്രീഹരി പറഞ്ഞു. അമൃതയിലെ ശിശു നെഞ്ചുരോഗ വിദഗ്ധൻ ഡോ.ബ്രിജേഷ് കുഞ്ഞിന്റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നതായും ഡോ ശ്രീഹരി പറഞ്ഞു. എന്നാൽ ചൈൽഡ് പ്രൊട്ടക്ഷൻ ടീം കേരള എന്ന സംഘടന ഇടപെട്ട് കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. കുഞ്ഞ് ചികിത്സയിലിരുന്ന മംഗലാപുരത്തെ ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിച്ചതെന്നാണ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഭാരവാഹികൾ പറഞ്ഞത്.

കുഞ്ഞിനെ ആരോഗ്യനില മെച്ചപ്പെടുമ്പോൾ വെന്റിലേറ്ററിൽ നിന്ന് മാറ്റുമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വക്താവ് സ്വപ്‌ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. "കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല. നിലവിൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി ഭേദമാക്കുകയാണ് വേണ്ടത്.  യാത്രാവേളയിൽ ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ചികിത്സയാണു ഇപ്പോൾ നൽകി വരുന്നത്. പ്രമുഖ ശിശുഹൃദ്രോഗ വിദഗ്ധരായ ഡോ. ബൈജു എസ് ധരൻ, ഡോ.അജിത്, അരുൺ ഗോപാൽ എന്നിവരുടെ നിരീക്ഷണത്തിലാണ് കുഞ്ഞിപ്പോൾ," അവർ വ്യക്തമാക്കി

ഹൃദ്യം പദ്ധതിയിൽ ചികിത്സ ഉറപ്പാക്കിയിട്ടും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ച് കുഞ്ഞിനെ ഇത്രയും ദൂരം ആംബുലൻസിൽ കൊണ്ട് വന്ന സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ വിമർശനം.
 
"കുട്ടിക്ക് ഹൃദ്യം പദ്ധതി വഴി ചികിത്സ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ഒരു കൂട്ടര്‍ കുഞ്ഞിനെ ആംബുലന്‍സില്‍ കയറ്റി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ലഭിക്കുന്ന പദ്ധതിയായ ഹൃദ്യം, വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. പദ്ധതിയില്‍ ചികിത്സ ലഭിക്കാന്‍ തിരുവനന്തപുരം വരെ സഞ്ചരിക്കേണ്ട കാര്യവുമില്ല. കോഴിക്കോടും എറണാകുളത്തും കോട്ടയം തിരുവല്ലയിലും ചികിത്സ ലഭ്യമാണ്. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഹൃദ്യത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഹൃദ്യം ടീമിന്റെ നിര്‍ദേശ പ്രകാരം മാത്രമേ കുട്ടികളെ കൊണ്ടു പോകാന്‍ പാടുള്ളൂ. ഇത് ലംഘിച്ച് അവര്‍ നിശ്ചയിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടു പോകരുത്. സഹായിക്കുന്നത് നല്ല കാര്യമാണ്. പക്ഷെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ച് സഹായിക്കാനെന്ന പേരില്‍ കുട്ടികളെ കൊണ്ടു പോകുന്നവര്‍ക്കായിരിക്കും പിന്നീടുള്ള ഉത്തരവാദിത്വം," മന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios