കൊച്ചി: പി ജയരാജൻ അടക്കം പ്രതിയായ കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ യുഎപിഎ ചുമത്തിയതിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടാണ് ജയരാജനടക്കമുള്ള പ്രതികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. 

സംസ്ഥാന സർക്കാർ അനുമതിയില്ലാതെയാണ് അന്വേഷണ ഏജൻസിയായ സിബിഐ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. സിബിഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ല്‍ യുഎപി​എ ചു​മ​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​രിന്‍റെ അ​നു​മ​തി മാ​ത്രം മ​തി​യെ​ന്ന ഹൈക്കോടതി സിം​ഗി​ൾ ബെ​ഞ്ച്​ വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. 

2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂർ ആർഎസ്എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽ നിന്നു വലിച്ചിറക്കി വെട്ടി കൊന്നത്. 25 പ്രതികളാണ് കേസിലുള്ളത്. വിചാരണ നടപടികൾ തുടങ്ങിയിട്ടില്ലെങ്കിലും യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ ഒന്നാം പ്രതി വിക്രമനടക്കമുള്ളവർ ഇപ്പോഴും ജയിലിലാണ്. 

യുഎപിഎ നിയമത്തിലെ 18, 15 (1) (എ) (1), 16 (എ), 19 വകുപ്പുകള്‍ക്ക് പുറമേ, കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമം, മാരകായുധമുപയോഗിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചേർത്താണ് സിബിഐ കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയായ പി ജയരാജന്‍ കേസിലെ മുഖ്യസൂത്രധാരനാണെന്നാണ് സിബിഐ ആരോപിക്കുന്നത്.