Asianet News MalayalamAsianet News Malayalam

കാട്ടാക്കട കൊലപാതകം: സർക്കാർ ധനസഹായം ലഭ്യമാക്കണമെന്ന് കുടുംബം

അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിനാണ് കാട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്

Kattakada murder family demands financial aid
Author
Kattakada, First Published Feb 4, 2020, 9:01 AM IST

കാട്ടാക്കട: ജെസിബി കൊണ്ട് മണ്ണ് മാഫിയ സംഘം യുവാവിനെ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, സർക്കാർ ധനസഹായം ലഭ്യമാക്കണമെന്ന് സംഗീതിന്റെ കുടുംബം. ഇന്ന് പുലർച്ചെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ പ്രതിഷേധം മുൻകൂട്ടി കണ്ടാണ് പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി പൊലീസ് സംഘം പ്രതികളുമായി എത്തിയ ഉടൻ കുടുംബം അയൽവാസികളെ വിവരമറിയിച്ചു. ഇതിന് പിന്നാലെ പ്രതികളെ തിരിച്ചറിയാൻ അനുവദിക്കണമെന്ന സംഗീതിന്റെ ഭാര്യയുടെ ആവശ്യം പൊലീസ് അനുവദിച്ചില്ല. കൂടുതൽ നാട്ടുകാർ സ്ഥലത്തെത്തുന്നതിന് മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങി.

ദ്യക്സാക്ഷികളെ കൊണ്ട് നിയമപരമായി തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് പൊലീസ് സംഘം പിന്നീട് അറിയിച്ചു. ഇന്ന് പ്രതികളെ  തെളിവെടുപ്പ് നടത്തിയത് കൊലപാതകത്തെ കുറിച്ച് വ്യക്തമാക്കാൻ വേണ്ടിയാണെന്നും പൊലീസ് പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെക്കിലെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ വേഗം സ്ഥത്തു നിന്നും മാറ്റിയതെന്നും പൊലീസ് വിശദീകരിച്ചു.

അതിനിടെ തങ്ങൾക്ക് ഒരുപാട് കടബാധ്യതകളുണ്ടെന്ന് കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മക്കളെ വളർത്താൻ വഴികളില്ലെന്നും സർക്കാർ ജോലിയും ധനസഹായവും ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

കാട്ടാക്കടയിലെ മണ്ണുമാഫിയ കൊലപാതകം നിയമസഭയിൽ ഇന്നലെ ചർച്ചയ്ക്ക് വന്നിരുന്നു. എം വിൻസെന്‍റ് എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവദിവസം രാത്രി ഒരു മണിക്ക് സ്റ്റേഷനിൽ വിവരം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു. അഞ്ച് പേർക്കെതിരെ കേസെടുത്തു. പൊലീസ് വീഴ്ച വരുത്തിയെന്ന പരാതി പരിശോധിക്കുന്നുവെന്നും റിപ്പോർട്ട് വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അനുവാദമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിനാണ് കാട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെസിബി ഇടിച്ച് കൊലപ്പെടുത്തിയത്. രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസില്‍ വിളിച്ച് അറിയിച്ചിരുന്നെങ്കിലും സമയത്ത് എത്താതിരുന്ന പൊലീസ് കാണിച്ച അനാസ്ഥ യുവാവിന്‍റെ മരണത്തിന് ഇടയാക്കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നല്‍കിയിരുന്നു. അക്രമം നടക്കുന്നതായി കൊല്ലപ്പെട്ട സംഗീതിന്‍റെ ഭാര്യ അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

Follow Us:
Download App:
  • android
  • ios