തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തിൽ ദുരൂഹത വർധിക്കുന്നു. കൊട്ടാരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണർ ഉന്നത തല യോഗം വിളിച്ചു. അന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചേക്കുമെന്നാണ് സൂചന. കൊട്ടാരം ജീവനക്കാരെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നുണ്ട്. ഇന്ന് പേരൂർക്കട സ്റ്റേഷനിൽ എത്താൻ ചില ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
സ്വർണാഭരണംസൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോൽ സൂക്ഷിച്ചിരുന്നത് മറ്റൊരു പെട്ടിയിലായിരുന്നു. ഇതിൽ നിന്നും താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. പല തവണയായി മോഷണം നടത്താനുള്ള സാധ്യതയാണ് പൊലീസ് സംശയിക്കുന്നത്. കൊട്ടാരത്തിൻ്റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലാണ് ഗൗരി ഭായിയുടെ ബെഡ്റൂം. കുടുംബങ്ങൾക്കും ചില ജീവനക്കാർക്കും ഒഴികെ അവിടേക്ക് പ്രവേശന അനുമതിയുമില്ല എന്നതാണ് സംശയം വർധിപ്പിക്കുന്നത്.
കവടിയാർ കൊട്ടരത്തിൽ നിന്ന് അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങളാണ് നഷ്ടമായിരിക്കുന്നത്. പിച്ചിപ്പു മൊട്ട് സ്വർണ്ണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് മോഷണം പോയതെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 13ന് ശേഷം ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നാണ് ഗൗരി ലക്ഷ്മി ബായി പരാതിയിൽ പറയുന്നത്. എന്നാൽ, കഴിഞ്ഞ മൂന്ന് ദിവസം മുമ്പാണ് കൊട്ടാരം രേഖാമൂലം പൊലീസിൽ പരാതി നൽകിയത്.
നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായതെന്നും അതിന് 10 ദിവസം മുൻപ് വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെയാണ് മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയത്.


