നിലമ്പൂര്‍: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആഘാതം കൂട്ടിയത് ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും അനാസ്ഥയെന്ന് നാട്ടുകാര്‍. മൂന്ന് ദിവസമായ കനത്ത മഴയായിട്ടും നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ അടക്കമുള്ള പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടവും പൊലീസും യാതൊരു മുന്നറിയിപ്പും നല്‍കിയില്ലെന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ നടപടി എടുത്തിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷപ്പെടുമായിരുന്നുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ ഏകദേശം മുപ്പതോളം വീടുകള്‍ തകര്‍ന്നിരുന്നു. അന്‍പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് സ്ഥം സന്ദര്‍ശിച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

'നേരത്തെ   ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണ് കവളപ്പാറ. മണ്ണിടിഞ്ഞ്  നേരത്തെയും മരണങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും മഴ ശക്തമായ സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ പൊലീസോ അധികാരികളോ തയ്യാറായില്ല. സാധാരണ നിര്‍ദ്ദേശത്തില്‍ കവിഞ്ഞ ജാഗ്രത ജില്ലാ ഭരണകൂടം പുലര്‍ത്തിയില്ലെന്ന്'  ഭൂദാനം സ്വദേശിയായ ദിനൂപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

പതിനഞ്ച് വര്‍ഷം മുമ്പ്  മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ് കവളപ്പാറ. അന്ന് ഇത്ര ജനവാസമില്ലാത്തതിനാല്‍ വലിയ ദുരന്തം ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് അതീവ ജാഗ്രത കവളപ്പാറ നിവാസികള്‍ക്ക് ലഭിച്ചിരുന്നു. ചെറിയ മണ്ണിടിച്ചിലുണ്ടായതിനാല്‍ അഞ്ച് ദിവസത്തോളം ജനങ്ങളെ ഭൂദാനത്തുള്ള സര്‍ക്കാര്‍ സ്കൂളിലെ ക്യാമ്പില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഇത്തവണ മഴ കനത്തിട്ടും ജാഗ്രതക്കുറവുണ്ടായി. അതാണ് വലിയ ദുരന്തത്തിന് കാരണം- ദിനൂപ് പറയുന്നു.

ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് തന്നെ ഞങ്ങള്‍ വിവരം പുറംലോകത്തെ അറിയിച്ചിരുന്നു. നടന്നോ, വാഹനത്തിലോ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് പോകാനാവുമായിരുന്നില്ല. രാത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ അരകിലോമിറ്ററോളം മണ്ണ് നിറഞ്ഞ് കിടക്കുന്നത് കാണാമായിരുന്നു. നേരം വെളുത്തതോടെയാണ് ദുരന്തത്തിന്‍റെ വ്യാപ്തി മനസിലായത്. പത്ത് ഏക്കറോളം സ്ഥലം മണ്ണിടിഞ്ഞ് നികന്നിരിക്കുന്നു. എത്രപേര്‍ അതിനടിയിലുണ്ടാകുമെന്ന് അറിയില്ല. ഇന്നലെ അപകടം നടന്ന ഉടനെ ഹെലിക്കോപ്ടടറില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ കുറച്ച് ജീവനുകള്‍ രക്ഷപ്പെട്ടേനേ- ദിനൂപ് പറഞ്ഞു. 

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ മഴജാഗ്രത നിര്‍ദ്ദേശമുണ്ട്. വടക്കന്‍ കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു. ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിട്ടും മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള, നേരത്തെ മണ്ണിലിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കാത്താണ് അപകടത്തിന് ആക്കം കൂട്ടിയത്.  പഞ്ചായത്ത് മുഖേന ഉച്ചഭാഷണിയിലൂടെയും പൊലീസ് മുഖേനെയും നിര്‍ദ്ദേശം നല്‍കി ജനങ്ങളെ ബോധവാന്‍മാരാക്കിയിരുന്നെങ്കില്‍ കവളപ്പാറയില്‍ ഇത്രവലിയ ദുരന്തമുണ്ടാകില്ലായിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴരയോടെ ആണ് അപകടം നടന്നത്. ചാലിയാര്‍ നിറഞ്ഞ് പാലം മുങ്ങിയതിനാല്‍ പെലീസിനും രക്ഷാസേനയ്ക്കും പുഴകടന്ന് അപകട സ്ഥലത്തേക്ക് എത്താനായില്ല എന്നതും വെല്ലുവിളിയായി. മഴ കുറഞ്ഞതോടെയാണ് രക്ഷാദൗത്യ സഘം പുഴയ്ക്കക്കരെ എത്തുന്നത്. ഉച്ചയോടെയാണ് അപകടം നടന്ന പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് അടക്കം എത്താനായത്. ഇതുവരെ മൂന്ന് മൂന്ന് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തി. എന്നാല്‍ പ്രതികൂലസാഹചര്യമായതിനാല്‍ ഇനി തിരച്ചില്‍ സാധ്യമല്ലെന്നാണ് രക്ഷാ സംഘം പറയുന്നത്.

കവളപ്പാറയ്ക്ക്  സമീപത്തുള്ള ഭൂദാനം, തുടിമുട്ടി, പനങ്കയം, കൂവക്കോല്‍, കൊട്ടുപാറ, പാതാര്‍ എന്നവിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. പൂളപ്പാടം മുസ്ലിം പള്ളി, എല്‍പി സ്കൂള്‍, മാര്‍ത്തോമ പള്ളി എന്നിവിടങ്ങളിലായി മൂന്ന് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മൂന്ന് ക്യാമ്പുകളിലുമായി 2000ഓളം പേരാണ് ഉള്ളത്.

കവളപ്പാറയ്ക്ക് പുറമെ പാതാര്‍, മുരികാഞ്ഞിരം എന്നീ പ്രദേശങ്ങളിലും ചെറിയ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് നിരവധി വീടുകളാണ് തകര്‍ന്നത്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ പ്രളയകാലത്ത് ആദ്യം ഉരുള്‍പൊട്ടിയ ആഡ്യന്‍പാറയും കവളപ്പാറയ്ക്ക് അടുത്താണ്.