മലപ്പുറം: കവളപ്പാറയിൽ ഉരുൾപൊട്ടലിൽപ്പെട്ട് കാണാതായവർക്കുള്ള സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. ഉരുൾപൊട്ടലിൽ പ്രദേശത്തെ അമ്പതിലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. മുപ്പതിലധികം വീടുകൾ മണ്ണിനിടയിൽ ഉണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.

കൂടുതൽ വായിക്കാം;കവളപ്പാറ ഉരുൾപ്പൊട്ടൽ: മൂന്ന് മൃതദേഹം കിട്ടി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. തിങ്കളാഴ്ച മുതൽ പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴ പെയ്യാൻ തുടങ്ങിയത് മുതൽ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായും ഇല്ലാതായി. പ്രദേശത്തേക്കുള്ള വഴിയിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ട നിലയിലാണ്.

കൂടുതൽ വായിക്കാം; കവളപ്പാറയില്‍ വന്‍ ദുരന്തം: ഉരുൾപൊട്ടി മുപ്പത് വീട് മണ്ണിനടിയിൽ, അമ്പതോളം പേരെ കാണാനില്ല

പാലങ്ങളും റോഡുകളും തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിപ്പെടാൻ ആർക്കും സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് സംഭവിച്ച ദുരന്തം പുറം ലോകം അറിയാൻ ഏറെ സമയമെടുത്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് സംഘമാണ് ആദ്യമായി കവളപ്പാറയിലെത്തി അവിടത്തെ ദൈന്യതയാര്‍ന്ന ചിത്രം പുറം ലോകത്തെ അറിയിച്ചത്.