Asianet News MalayalamAsianet News Malayalam

കുടുംബത്തെ നഷ്ടമായി, കിടപ്പാടമില്ലാതായി; ഉരുൾപൊട്ടലിൽ അനാഥരായി രണ്ട് പെൺകുട്ടികൾ

കവളപ്പാറ ആദിവാസി കോളനിയിലെ സഹോദരിമാരായ കാർത്തികയും സൗമ്യയും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഉരുൾപൊട്ടലിൽ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും തങ്ങളെ വിട്ടുപോയെന്ന വാർത്ത അറിഞ്ഞാണ് ഇരുവരും കവളപ്പാറയിലെത്തിയത്.

kavalappara landslide girls lost family
Author
Malappuram, First Published Aug 24, 2019, 10:24 AM IST

മലപ്പുറം: കനത്ത മഴയെത്തുടർന്ന് മലപ്പുറത്തെ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേർക്കാണ് ഉറ്റവരും ഉടയവരും നഷ്ടമായത്. കൂറ്റൻ കുന്നിടിഞ്ഞ് ഒരു പ്രദേശത്തെ മുഴുവൻ കൊണ്ടുപോകുമെന്ന് ആരും ചിന്തിച്ച് കാണില്ല. അപ്രത്യക്ഷമായിട്ടായിരുന്നു കവളപ്പാറയിലെ ആ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമെല്ലാം. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്നവർക്ക് മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയത്.

കവളപ്പാറ ആദിവാസി കോളനിയിലെ സഹോദരിമാരായ കാർത്തികയും സൗമ്യയും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഉരുൾപൊട്ടലിൽ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും തങ്ങളെ വിട്ടുപോയെന്ന വാർത്ത അറിഞ്ഞാണ് ഇരുവരും കവളപ്പാറയിലെത്തിയത്. പഠന സ്ഥലത്തായതുകൊണ്ട് മാത്രമാണ് വിദ്യാര്‍ത്ഥികളായ കാര്‍ത്തികയും കാവ്യയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 

പാലക്കാട് ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തികയ്ക്കും വയനാട്ടിൽ നഴ്സിങ്ങിന് പഠിക്കുന്ന കാവ്യയ്ക്കും ഇനി ആശ്രയത്തിന് ആരുമില്ല. അച്ഛൻ ബാലൻ നേരത്തെ മരിച്ചു. അമ്മ കൂലിപണിയെടുത്താണ് സഹോദരൻമാരായ കാര്‍ത്തിക്, കിഷോര്‍, കമല്‍ എന്നിവരുൾപ്പടെ അഞ്ചു മക്കളേയും വളര്‍ത്തിയത്. ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ മാത്രമല്ല, തലച്ചായ്ക്കാൻ ഏക ആശ്രയമായിരുന്ന വീടും ഒലിച്ചുപോയതോടെ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് ഈ സഹോദരിമാർ. തങ്ങൾക്ക് താമസിക്കാൻ ഒരു വീടുവേണമെന്നാണ് കാവ്യയുടെയും കാർത്തികയുടെയും പ്രധാന ആവശ്യം.

രണ്ട് പെൺകുട്ടികളും എടക്കരയിലെ ബന്ധുവീട്ടിലാണ് താത്ക്കാലികമായി കഴിയുന്നത്. ഇവരുടെ തുടര്‍പഠനവും മുന്നോട്ടുള്ള ജീവിതവും എല്ലാം അനിശ്ചിതത്തിലാണ്. സർക്കാർ ഇവരുടെ സംരക്ഷണം ഏറ്റെടുത്താൻ വലിയ ഉപകാരമായിരുന്നുവെന്ന് പഞ്ചായത്ത് അംഗം കവിത പറഞ്ഞു.  പഠനം തുടരാനും അതു വഴി ജോലി നേടി ജീവിതം തിരികെ പിടിക്കാനുമുള്ള ആഗ്രഹത്തിലാണ് ഇരുവരും. അതിനുവേണ്ടി സര്‍ക്കാരടക്കം എല്ലാവരുടേയും സഹായവും പിന്തുണയും തേടുകയാണ് നിരാലംബരായ ഈ രണ്ട് പെൺകുട്ടികള്‍. 
 

Follow Us:
Download App:
  • android
  • ios