കവളപ്പാറ: ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായി ദിവസങ്ങൾ പിന്നിടുമ്പോഴും കേൾക്കുന്നവരിലെല്ലാം ഞെട്ടലുണ്ടാക്കുന്ന കഥകളാണ് കവളപ്പാറയിൽ നിന്ന് ഓരോ നിമിഷവും പുറത്തുവരുന്നത്. അപ്രതീക്ഷിതമായ ദുരന്തത്തിന്‍റെ ആഴം ഇനിയും അറിയാനോ കണക്കുകൂട്ടാനോ കവളപ്പാറക്കാര്‍ക്കോ രക്ഷാപ്രവര്‍ത്തകര്‍ക്കോ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. അതിലൊന്നാണ് കവളപ്പാറ സ്വദേശി പ്രിയദര്‍ശന്‍റെ മരണവാര്‍ത്ത.

കനത്തമഴപെയ്തുകൊണ്ടിരുന്ന കവളപ്പാറയിലെ വീട്ടിലേക്ക് വൈകുന്നേരം വന്നുകയറിയതാണ് പ്രിയദര്‍ശൻ. റെയിൻകോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ ചെറുപ്പക്കാരൻ വീട്ടുമുറ്റത്തേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതിനിടെയാണ് ദുരന്തം ഉരുൾപ്പൊട്ടിയെത്തിയത്. മലവെള്ളപ്പാച്ചിലിൽ ബൈക്കുൾപ്പെടെയാണ് മണ്ണിനടിയിലായത്. 

ദിവസങ്ങൾക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ എത്തി മൃതദേഹം പുറത്തെടുത്തപ്പോൾ കണ്ട കാഴ്ചയും ഞെട്ടിക്കുന്നതായിരുന്നു. റെയിൻകോട്ടും ഹെൽമെറ്റും ഇട്ട് ബൈക്കിലിരിക്കുന്ന നിലയിലാണ് പ്രിയദര്‍ശനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറിനും വീടിന്‍റെ ചുമരിനും ഇടക്കായിരുന്നു ബൈക്ക്. കാലുകൾ ബൈക്കിനകത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ എടുത്തുമാറ്റിയത്. 

തുടര്‍ന്ന് വായിക്കാം: ഉയിർത്തെഴുന്നേറ്റവർ: കവളപ്പാറയിൽ മണ്ണിൽ മറഞ്ഞെന്ന് കരുതിയവർ തിരിച്ചു വന്നപ്പോൾ ..

പ്രിയദര്‍ശന്‍റെ അമ്മയും അമ്മൂമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മ രാഗിണിയുടെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. അമ്മൂമ്മക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രിയദര്‍ശന്‍റെ സഹോദരൻ അടക്കമുള്ളവര്‍ കണ്ണീരോടെ കവളപ്പാറയിൽ തുടരുകയാണ്. 

തുടര്‍ന്ന് വായിക്കാം:ദൂരെ നിന്ന് നോക്കുമ്പോൾ, കുന്നിടിഞ്ഞ് ഇറങ്ങി വന്ന മരണത്തിന്‍റെ ആ കാഴ്ച, മനസ്സ് നടുങ്ങും