വയനാട്: കവളപ്പാറയിലെ ദുരന്തമുണ്ടായ മുത്തപ്പന്‍കുന്നിന് എതിര്‍വശത്തുള്ള മലയില്‍ നിന്നാല്‍ അറിയാം സംഭവിച്ച ദുരന്തത്തിന്‍റെ ഭീകരത. മുത്തപ്പന്‍കുന്നിന്‍റെ ഏറ്റവും മുകള്‍ഭാഗത്തുനിന്ന് രണ്ടുഭാഗത്തുകൂടെയായി  മണ്ണിടിഞ്ഞ് താഴ്‍ഭാഗത്ത് എത്തുകയായിരുന്നു. 

മണ്ണിടിഞ്ഞ രണ്ടുവശത്തിനും നടുഭാഗത്തായി ഒരു തുരുത്തുണ്ട്. ഈ തുരുത്തിലെ എട്ടുവീടുകളാണ് ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ടത്. മണ്ണിടിഞ്ഞുവന്ന രണ്ടുചാലുകള്‍ക്ക് നടുവിലായി പച്ചപ്പിന്‍റെ ഈ കുഞ്ഞുതുരുത്തിലുള്ളവര്‍ക്ക് ചുറ്റുമുണ്ടായിരുന്നവരൊക്കെ ഇന്നില്ല.

കുത്തിയൊലിച്ചെത്തിയ മണ്ണില്‍ ജീവനും ജീവിതവും  നഷ്ടമായത് നിരവധി പേര്‍ക്ക്. ഒരിക്കല്‍ ഇതേസ്ഥലത്ത് സന്തോഷത്തോടെ ജീവിച്ച നിരവധി പേരുടെ ശരീരങ്ങള്‍ സ്വന്തം വീടിനും മണ്ണിനും അടിയിലാണ് ഇപ്പോള്‍. ഇവരുടെ ശരീരങ്ങള്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മണ്ണുവന്നടിഞ്ഞ താഴ്‍വാരത്തിലും സമാനമായ രീതിയില്‍ നിരവധി വീടുകള്‍ ഉണ്ടായിരുന്നു. 

കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരിച്ച 17 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.  നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി 42 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. 

"