ആലപ്പുഴ: കായംകുളം സിയാദ് വധത്തിന് പിന്നിൽ കോൺഗ്രസിന്‍റെ കൊട്ടേഷൻ സംഘം ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി മന്ത്രി ജി സുധാകരൻ. മാഫിയ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് സുധാകരൻ പറഞ്ഞു. സംഭവം രാഷ്ടീയ കൊലപാതകം അല്ലെന്ന് അന്വേഷണ  ഉദ്യോഗസ്ഥനായ കായംകുളം സിഐയും വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയുള്ള രാഷ്ട്രീയ കൊലപാതകമാണ് സിയദിന്‍റേത് എന്ന കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തിരുത്തുകയാണ് സിപിഎം നേതാവും മന്ത്രിയുമായ ജി സുധാകരൻ. അതേസമയം , മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോൺഗ്രസ് നഗരസഭാംഗം കാവിൽ നിസാമിന് ജാമ്യം കിട്ടിയത് പൊലീസിന്‍റെ വീഴ്ചയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സിയദിന്‍റെത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസും വ്യക്തമാക്കി.

കേസിൽ അറസ്റ്റിലായ മുഖ്യപ്രതി മുജീബിനെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ഷഫീകിനെ നാളെ കോടതിയിൽ ഹാജരാക്കും. ഗുണ്ടാ വിളയാട്ടം ചോദ്യം ചെയ്തതിൽ വ്യക്തി വിരോധമാ കൊലയ്ക്ക് പിന്നിലെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന ഫൈസൽ, ആഷിഖ് തുടങ്ങി അഞ്ച് പേരെയാണ് കേസിൽ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്.