പ്രതിമാസം 285 രൂപാ നിരക്കിൽ പ്രദേശവാസികള്‍ക്ക് പാസ് അനുവദിക്കുമെന്നായിരുന്നു ടോള്‍ പിരിക്കാന്‍ കരാറെടുത്ത കമ്പനിയുടെ നിലപാട്. എന്നാലിത് പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല
തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ടോളിലെ(Kazhakkottam Karode Toll) സമരം പിൻവലിച്ചു. നാളെ മുതൽ വീണ്ടും ടോൾ (Toll Collection) പിരിക്കും. 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന നിബന്ധന ടോൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ഈ ഭാഗത്തുള്ളവർക്ക് പ്രത്യേക പാസ് അനുവദിക്കും. മന്ത്രി വി ശിവൻകുട്ടി (V Sivankutty) വിളിച്ച ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. നാളെ മുതൽ ടോൾ പിരിവ് തുടങ്ങാനും ധാരണയായി.
പ്രതിമാസം 285 രൂപാ നിരക്കിൽ പ്രദേശവാസികള്‍ക്ക് പാസ് അനുവദിക്കുമെന്നായിരുന്നു ടോള്‍ പിരിക്കാന്‍ കരാറെടുത്ത കമ്പനിയുടെ നിലപാട്. എന്നാലിത് പ്രതിഷേധക്കാര്‍ അംഗീകരിച്ചില്ല. കോൺഗ്രസും സിപിഎമ്മും സമരരംഗത്തുണ്ടായിരുന്നു. പൂന്തുറയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് പോകേണ്ട മത്സ്യത്തൊഴിലാളികളടക്കം വന്‍ തുക കൊടുക്കേണ്ട അവസ്ഥയില്‍ സൗജന്യയാത്രയെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായുള്ളതാണ് ഈ റോഡ് നിർമ്മാണം. ദേശിയപാത 66 ന്‍റെ വികസനത്തിന്‍റെ ഭാഗമായി മുക്കോല മുതല്‍ കാരോട് വരെയുള്ള 16.5 കി.മി. ദൂരത്തിൽ കോണ്‍ക്രീറ്റ് റോഡ് തയ്യാറാക്കും. എല്‍ആന്‍റ്ടി കണ്‍സ്ട്രക്ഷന്‍സാണ് 2016 ല്‍ കരാര്‍ ഏറ്റെടുത്തത്. സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളും, അണ്ടര്‍പാസുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണം നീണ്ടതും പദ്ധതിക്ക് വെല്ലുവിളിയായി. പദ്ധതിക്കാവശ്യമായ മണ്ണെടുക്കുന്നതിന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അനുമതിയും വൈകി.
2020 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കൊവിഡ് വില്ലനായതോടെ വീണ്ടും പദ്ധതി നീണ്ടു. കോണ്‍ക്രീറ്റ് റോഡിനിരുവശവും 7.5 മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡ് തയ്യാറാക്കുന്നുണ്ട്. ഇതിനും സ്ഥലമേറ്റെടുപ്പ് പ്രശ്നമാണ്. അതുകൊണ്ടുതന്നെ പലയിടത്തും സര്‍വ്വീസ് റോഡ് നിര്‍മ്മാണം മുടങ്ങിയിട്ടുണ്ട്. 16.5 കി.മി. ദൈര്‍ഘ്യമുള്ള കോണ്‍ക്രീറ്റ് റോഡിലെ 14 കിമിറ്ററോളം ഇതിനകം പൂര്‍ത്തിയാക്കി. ടാര്‍ റോഡുകള്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മെയിന്‍റനന്‍സ് വേണ്ടിവരുമെങ്കില്‍ കോണ്‍ക്രീറ്റ് റോഡിന് 25 വര്‍ഷത്തേക്ക് കാര്യമായ തകരാറുണ്ടാകില്ല. എന്നാല്‍ മുടക്കുമുതല്‍ കൂടുതലാണ്.
