നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്നത് ഒറ്റ ദിവസം കൊണ്ടുണ്ടായ ആത്മവിശ്വാസമല്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചുവരുമെന്നത് ഒറ്റ ദിവസം കൊണ്ടുണ്ടായ ആത്മവിശ്വാസമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നെന്നും തുടര്‍ഭരണം ഉണ്ടാകുക എന്നത് ആകസ്മികമായിരുന്നെന്നും കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസ് പരിപാടിയായ പോയിന്‍റ് ബ്ലാങ്കില്‍ പറഞ്ഞു.
തുടര്‍ഭരണം ആകസ്മികമായിരുന്നു. എന്നാല്‍, പിന്നീട് ഉണ്ടായതെല്ലാം വലിയ വിജയങ്ങളാണ്. അത് നിയമസഭയിലും ആവര്‍ത്തിക്കും. കരുതല്‍ ആവശ്യമുണ്ടെന്നും അതിന് ആവശ്യമായ തന്ത്രങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതായിരുന്നു. റിബലുകള്‍ വരുമെന്ന് കരുതി. എന്നാല്‍, ഇക്കുറി അത് ഉണ്ടായില്ല. സിപിഎം അണികള്‍ പോലും മാറി. ഇന്ന് സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. ഇക്കുറി കോൺഗ്രസ് തൂത്തുവാരും. ലോക്സഭ ആവര്‍ത്തിക്കും. എല്ലാ സമുദായങ്ങളും യുഡിഎഫിനൊപ്പമാണ്. ഭൂരിപക്ഷ വോട്ട് തിരിച്ചുവന്നിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
ശബരിമലയില്‍ ബിജെപി പിന്‍വാങ്ങിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപി നിലപാട് ആചാര്യപ്പെടുത്തുകയായിരുന്നു. നീക്കം സിപിഎമ്മിനെ സഹായിക്കാനാണ്. സിപിഎം നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണ്. ഗിമ്മിക്കുകള്‍ വിലപ്പോകില്ലെന്നും സൗജന്യ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.



