യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്ന എ.കെ. ബാലന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ, .
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയത പറയുന്നവർ ആരായാലും അവരെ എതിർക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ വർഗ്ഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് ബാലൻ ഓർമ്മിപ്പിച്ചത്.
മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർ.എസ്.എസിന്റെ എതിർപ്പ് ഭയന്നാണ് അന്ന് ആന്റണി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാതിരുന്നത്. അന്ന് താൻ മാറാട് സന്ദർശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വർഗ്ഗീയതയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എകെ ബാലന്റെ നിരീക്ഷണത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യു.ഡി.എഫ് വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുമെന്ന ബാലന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ബാലന് പ്രതിരോധം തീർത്തത്.
മുൻകാല നിലപാടുകൾ ഓര്‍മിപ്പിച്ചും വിമര്‍ശനം
യുഡിഎഫിന്റെ മുൻകാല നിലപാടുകളെയും നിലവിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറാട് കലാപം മുതൽ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വരെ നീളുന്ന രാഷ്ട്രീയ ചരിത്രം ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ കടന്നാക്രമണം. മാറാട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് അടുത്തിടെയും എ.കെ. ആന്റണി ആവശ്യപ്പെടുന്നത് കേട്ടു. എന്നാൽ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആർഎസ്എസ് എതിർപ്പ് ഭയന്ന് കുഞ്ഞാലിക്കുട്ടിയെ പോലും കൂടെക്കൂട്ടാൻ ഭയപ്പെട്ടിരുന്ന സാഹചര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. മലബാറിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകുന്നതിലുള്ള അപകടത്തെക്കുറിച്ച് സി.കെ. ഗോവിന്ദൻ നായർ പറഞ്ഞ കാര്യങ്ങൾ രമേശ് ചെന്നിത്തല തന്നെ പ്രസംഗിച്ചിട്ടുള്ളത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസിനുള്ളിലെ തന്നെ പഴയ നിലപാടുകൾ യുഡിഎഫിനെ തിരിഞ്ഞു കൊത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചപ്പോൾ വി.ഡി. സതീശൻ അന്ന് എടുത്ത കർക്കശമായ നിലപാട് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് രാഷ്ട്രീയ ലാഭത്തിന് വേണ്ടി സതീശൻ നിലപാടുകൾ മാറ്റുകയാണ്. ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മതരാഷ്ട്രവാദം പറയുന്നില്ലെന്ന് വി.ഡി. സതീശൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നത് അവരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിൽ വരെ ജമാഅത്തെ ഇസ്‌ലാമി പിടിമുറുക്കുന്ന സാഹചര്യം യുഡിഎഫ് ഭരണമുണ്ടായാൽ ഉണ്ടാകുമെന്ന എ.കെ. ബാലന്റെ ആരോപണത്തിന് ഇതോടെ മുഖ്യമന്ത്രി ശക്തി പകർന്നു.


