സര്‍വീസ് റോഡുകള്‍ വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വിടുന്നത്. ഗതാഗതക്കുരുരുക്ക് ഒഴിവാക്കാനായി നാല്‍പ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മേല്‍പ്പാല നിര്‍മാണത്തിനു മുന്നോടിയായി കഴക്കൂട്ടം ബൈപ്പാസ് ആറു മാസത്തേക്ക് അടച്ചു. സര്‍വീസ് റോഡുകള്‍ വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വിടുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നാല്‍പ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മൂന്നു ദിവസം ഹൈവേ അടച്ചിട്ട് സര്‍വീസുകള്‍ റോഡുകള്‍ വഴി ഗതാഗതം തിരിച്ചു വിട്ട പരീക്ഷണം വിജയം കണ്ടിരുന്നു. മേല്‍പ്പാല നിര്‍മാണത്തിനായി കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ മുക്കോല വരെയുളള 2.7 കിലോമീറ്റര്‍ ഭാഗത്ത് റോഡ് അടച്ചിട്ടും കാര്യമായ ഗതാഗത ക്കുരുക്ക് ഇന്ന് ഉണ്ടായില്ല. ആറു മാസത്തേക്ക് സര്‍വീസ് റോഡുകള്‍ വഴി മാത്രമെ ഇനി ഗതാഗതം അനുവദിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം. 

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ് ജംഗീഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടതുവശത്തെ സര്‍വീസ് റോഡിലൂടെ പോകണം. ചാക്കയില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആറ്റിന്‍കുഴിയില്‍ നിന്ന് ഇടതു വശത്തേക്ക് പോകണം. രണ്ട് സര്‍വീസ് രോഡുകളും വണ്‍വേ ആയിരിക്കും.

ആക്കുളത്തു നിന്നും ബൈപാസ് വഴി ടെക്നോപാര്‍ക്കിലേക്കും കാര്യവട്ടം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ ഇടതു വശത്തെ സര്‍വീസ് റോഡ് വഴിയാണ് വിടുന്നത്. ഈ വാഹനങ്ങള്‍ക്ക് കഴക്കൂട്ടം ദേശീയ പാതയ്ക്ക് അപ്പുറം കടക്കാനായി താല്‍ക്കാലിക പാതയും ക്രമീകരിച്ചിട്ടുണ്ട്.

കഴക്കൂട്ടം തുമ്പ സ്റ്റേഷനുകളില്‍ നിന്നായി നാല്‍പ്പതിലേറ പൊലീസുകാരെയാണ് ഗതാഗതം ക്രമീകരിക്കാനായി നിയോഗിച്ചിട്ടുളളത്. അതേസമയം വാഹനങ്ങള്‍ തിരിച്ചുവിടുന്ന എല്ലാ ഭാഗത്തും സൈന്‍ബോര്‍ഡുകളോ അപകട സൂചന നല്‍കുന്ന ബോര്‍ഡുകളോ സ്ഥാപിച്ചിട്ടില്ല. കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ മുക്കോലയ്ക്കല്‍ വരെയുളള ഭാഗത്ത് തെരുവു വിളക്കുകളുടെ കുറവുമുണ്ട്.