Asianet News MalayalamAsianet News Malayalam

മന്ത്രി ഗണേഷ് കുമാറിന്റെ നിർണായക നീക്കം, മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് പരിശോധന നടന്നത്. 

KB Ganesh Kumar strict action suspended 100 KSRTC employees who came to work after Drinking alcohol
Author
First Published Apr 16, 2024, 7:05 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കൂട്ട നടപടി. മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെയാണ് ഗതാഗത വകുപ്പ് മന്ത്രി നടപടിയെടുത്തത്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്.  

ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. 

ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന ശക്തമാക്കിയിരുന്നു. 01.04.2024 മുതൽ 15.04.2024 വരെ കെഎസ്ആർടിസി വിജിലന്റ്സ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിലൂടെ കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമായി 100 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

60 യൂണിറ്റുകളിലായി 1 സ്റ്റേഷൻ മാസ്റ്റർ, 2 വെഹിക്കിൾ സൂപ്പർവൈസർ, 1 സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 ബദലി മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർ, 9 ബദലി കണ്ടക്ടർ,1 സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർ, 10 ബദലി ഡ്രൈവർ, 5 സിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവരാണ് ഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയതായി വിജിലൻസ് വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്.

കെഎസ്ആർടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. 

ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴിൽ മേഖലയാണ് ഗതാഗത മേഖല. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുവെന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നൽകിയത്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണ്ണമായും കെഎസ്ആർടിസിയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ആയതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെഎസ്ആർടിസി അറിയിച്ചു.  

 

 

Follow Us:
Download App:
  • android
  • ios