Asianet News MalayalamAsianet News Malayalam

കെ.സി.ജോസഫ് ഇരിക്കൂറിൽ തുടരുമോ അതോ ചങ്ങനാശ്ശേരിയിലേക്ക് ഇരിപ്പിടം മാറ്റുമോ ?

കണ്ണൂരിലെ എംഎൽഎയായിരുന്ന 39 വർഷവും കോട്ടയത്തെ കോൺ​ഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു കെ.സി.ജോസഫ്. ഇക്കുറി സ്വദേശമായ ചങ്ങനാശ്ശേരിയിൽ സ്ഥാനാർത്ഥിയായി അദ്ദേഹം വന്നേക്കും എന്നൊരു അഭ്യൂഹം ശക്തമാണ്. 

KC Joseph Eyes on Changanassery seat this time
Author
Changanassery, First Published Jan 27, 2021, 8:46 PM IST

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോഴും ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചർച്ചകൾക്ക് മൂന്ന് മുന്നണികളും തുടക്കമിട്ടപ്പോഴും പ്രധാനമായും ചർച്ചയാവുന്നത് എത്ര സീറ്റുകളിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം കിട്ടുമെന്നതാണ്. 

സ്ഥിരം മുഖങ്ങൾക്ക് പകരം പുതിയ സ്ഥാനാർത്ഥികളെ കൊണ്ടു വരുന്നത് നേട്ടം ചെയ്യുമെന്ന അഭിപ്രായം എല്ലാ പാർട്ടി നേതാക്കളും പരസ്യമായി സമ്മതിക്കുമെങ്കിലും സ്ഥാനാർത്ഥി നിർണയത്തിലേക്ക് വരുമ്പോൾ പഴയ മുഖങ്ങൾ പുതിയ കുപ്പായമിട്ടു വരുന്നതാണ് പതിവ് കാഴ്ച. ചില മണ്ഡലങ്ങളിൽ വ്യക്തിപ്രഭാവം കൊണ്ടു മാത്രം വിജയം ഉറപ്പിക്കുന്ന സ്ഥാനാർത്ഥികളുണ്ടാവുമ്പോൾ പിന്നെ അവിടെ പുതിയ മുഖം എന്ന സാധ്യത അടയുന്നു. 

അരനൂറ്റാണ്ടിലേറെ പുതുപ്പള്ളിയിൽ തുടരുന്ന ഉമ്മൻചാണ്ടിയടക്കം ചില മണ്ഡലങ്ങളിൽ അനിവാര്യരാവുന്ന പല നേതാക്കളും ഇക്കുറിയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നുണ്ട്. യുഡിഎഫിലേക്ക് വന്നാൽ ഈ ലിസ്റ്റിൽ പ്രമുഖനാണ് കോൺ​ഗ്രസ് നേതാവ് കെ.സി.ജോസഫ്. കണ്ണൂരിലെ മലയോര മണ്ഡലമായ ഇരിക്കൂറിൽ നിന്നും ഇതിനോടം എട്ട് തവണയാണ് കെ.സി.ജോസഫ് തുടർച്ചയായി വിജയിച്ചു വന്നത്. 

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ കെ.സി.ജോസഫ് ഒൻപതാമത്തൊരു അങ്കത്തിനായി ഇനിയും ഇരിക്കൂറിൽ ഇറങ്ങുമോ അതോ മണ്ഡലം മാറി പുതിയ കളരിയിലിറങ്ങുമോ എന്നതാണ് ഇക്കുറി വരുന്ന പ്രധാന ചർച്ച. കണ്ണൂരിലെ എംഎൽഎയായിരുന്ന 39 വർഷവും കോട്ടയത്തെ കോൺ​ഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു കെ.സി.ജോസഫ്. 

യു‍ഡിഎഫ് വിട്ട് ജോസ് കെ മാണി വിഭാ​ഗം എൽഡിഎഫിലേക്ക് പോയതോടെ ഒഴിവ് വന്ന ചങ്ങനാശ്ശേരി സീറ്റിൽ ഇക്കുറി മത്സരിച്ചേക്കും എന്ന അഭ്യൂഹം ശക്തമാണ്. കോട്ടയത്തെ പല കോൺ​ഗ്രസ് നേതാക്കളും കണ്ണു വച്ചിരിക്കുന്ന ഏറ്റുമാനൂ‍ർ, ചങ്ങനാശ്ശേരി സീറ്റുകൾ കിട്ടാനായി പി.ജെ.ജോസഫ് വിഭാ​ഗം കോൺ​ഗ്രസ് നേതൃത്വത്തോട് ശക്തമായി വിലപേശും എന്ന റിപ്പോ‍ർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  വിശ്വസ്തനായ കെ.സിക്ക് വേണ്ടി ഉമ്മൻ ചാണ്ടി ആ സീറ്റ് കോൺ​ഗ്രസ് അക്കൗണ്ടിലേക്ക് എത്തിക്കുമോ എന്നാണ് ഇനിയറിയേണ്ടത്. 

കെ.സി.ജോസഫിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രം -

1982 ല്‍ ആദ്യമായി കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

1987 ല്‍ വീണ്ടും കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

1991 ല്‍ വീണ്ടും കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

1996 ല്‍ വീണ്ടും കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

2001 ല്‍ വീണ്ടും കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

2006 ല്‍ വീണ്ടും കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

2011 ല്‍ വീണ്ടും കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

2016 ല്‍ വീണ്ടും കണ്ണൂര്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക്

2021 ല്‍                                  ???

Follow Us:
Download App:
  • android
  • ios