ഉമ്മൻ ചാണ്ടിയെ കാണാൻ ഭാര്യയും ചാണ്ടി ഉമ്മനും സമ്മതിച്ചില്ലെന്നോ' 'ഫാം ഹൗസിൽ താമസിച്ച അവസരം മുതൽ ആശുപത്രി കിടക്കയിൽ വരെ കണ്ടിട്ടുണ്ട്'; വിവാദ ഓഡിയോയിൽ കെസി ജോസഫിന്റെ വിശദീകരണം
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പിൽ വിശദീകരണവുമായി കെസി ജോസഫ്. ഉമ്മൻ ചാണ്ടിയെ കാണാൻ ബംഗളൂരുവിൽ എത്തിയ തന്നെയും എംഎം ഹസ്സനേയും ബെന്നി ബെഹ്നാനെയും കാണാൻ അദ്ദേഹത്തിന്റെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന് പറയുന്ന ഒരു ടെലിഫോൺ സംഭാഷണമെന്ന രീതിയിൽ പ്രചരിക്കുന്ന ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നും മുൻ മന്ത്രി കെ സി ജോസഫ് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻ പരാജയം സുനിശ്ചതമായതോടെ ചാണ്ടി ഉമ്മനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി നാല് വോട്ടു നേടി മുഖം രക്ഷിക്കാനുള്ള സിപിഎമ്മിന്റെ അവസാനത്തെ അടവാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരായുള്ള ഇത്തരം ദുഷ്പ്രചരണങ്ങൾ. ഉമ്മൻ ചാണ്ടി ചികിത്സയ്ക്കുവേണ്ടി ബാംഗളൂരുവിലേക്കു പോയ ശേഷം മിക്കവാറും രണ്ടാഴ്ചയിൽ ഒരു തവണയെങ്കിലും താനും എം എം ഹസ്സനും ബെന്നി ബഹ്‌നാനും ഒറ്റയ്ക്കും കൂട്ടായും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം ബെംഗളൂരുവിൽ ബന്ധുവായ മിലന്റെ ഫാം ഹൗസിൽ താമസിച്ച അവസരം മുതൽ ആശുപത്രി കിടക്കയിൽ വരെ ഞങ്ങൾ അദ്ദേഹത്തെ പോയി കാണുകയും രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസ് സംഘടനാ വിഷയങ്ങൾ സംബന്ധിച്ചു ദീർഘമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസ്സനും ബെന്നിയും അവസാനമായി ബെംഗളൂരുവിൽ വിശ്രമിക്കുന്ന വസതിയിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടത്. ഞങ്ങളുടെ സന്ദർശന സമയത്ത് ഒരവസരത്തിലും ചാണ്ടി ഉമ്മൻ അവിടെ ഉണ്ടായിരുന്നില്ല. ഭാരത് ജോഡോ യാത്രയുടേയും മറ്റ് പരിപാടികളുടേയും തിരക്കിലായിരുന്നു അദ്ദേഹം. മരണത്തിന് ഉദ്ദേശം ഒരാഴ്ച മുൻപ് അദ്ദേഹത്തെ ഞങ്ങൾ സന്ദർശിച്ച ദിവസം ഉച്ചയ്ക്ക് 12 മണിയോടടുത്ത സമയത്തായിരുന്നു ഞങ്ങൾ വസതിയിലെത്തിയത്. ആ സമയത്ത് ചികിത്സ നടന്നുകൊണ്ടിരുന്നതു മുലം അൽപ്പസമയം ഞങ്ങൾക്ക് അവിടെ വിശ്രമിക്കേണ്ടി വന്നു. ആ അവസരത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ബാവയുമായി പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.
ചികിത്സ പൂർത്തിയായ ശേഷം ഞങ്ങൾ ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ മുറിയിലെത്തി കണ്ടു. അൽപ്പസമയം അദ്ദേഹവുമായി ആശയവിനിമയം നടത്തുവാനും ഇടയായി. അതിനു ശേഷം ഞങ്ങൾ മൂന്നു പേരും മടങ്ങുകയും ചെയ്തു. ഇതാണ് സത്യം, ഇതേപ്പറ്റി അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും ചാണ്ടി ഉമ്മൻ ഞങ്ങളെ കാണുവാൻ സമ്മതിച്ചില്ല എന്ന് പ്രചരിപ്പിക്കുന്നതും പൂർണമായും അടിസ്ഥാന രഹിതമാണ്. ഇത്തരം തരംതാണ ആരോപണങ്ങളിൽ നിന്നും അപവാദ പ്രചരണങ്ങളിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിയും അവരുടെ സൈബർ സെല്ലിലെ കൂലിപ്പടയും പിന്മാറണമെന്ന് കെ സി ജോസഫ് അഭ്യർത്ഥിച്ചു
ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ ചികിത്സയിൽ പിഴവ് വരുത്തിയെന്നും ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവരെ പോലും കാണാൻ കുടുംബം അനുവദിച്ചില്ലെന്നും കാട്ടിയുള്ളതായിരുന്നു പുറത്തുവന്ന ഫോണ്‍ സംഭാഷണം. കഴിഞ്ഞ ദിവസം മുതൽ ഇത് പ്രചരിക്കുകയാണ്. രണ്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലുള്ള സംഭാഷണം എന്ന നിലയിലാണ് ഇടത് സൈബർ പോരാളികൾ സംഭാഷണം പ്രചരിപ്പിക്കുന്നത്. അതേസമയം, സംഭാഷണം തിരക്കഥയെന്ന് ചാണ്ടി ഉമ്മൻ പറയുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ ശബ്ദരേഖയാണെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്.
