ശബരിമലയിലെ അയ്യപ്പസംഗമം  തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു. അയ്യപ്പനെ വെച്ചുള്ള രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

തിരുവനന്തപുരം: ശബരിമലയിലെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അയ്യപ്പനെ വെച്ചുള്ള രാഷ്ട്രീയ കളി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പ സംഗമത്തിലെ കള്ളക്കളി യഥാർത്ഥ വിശ്വാസികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ഈശ്വര വിശ്വാസമില്ലാത്തവർ ഒരു കാര്യം ചെയ്താൽ ഇങ്ങനെയിരിക്കും. അയ്യപ്പനെ വെച്ചുള്ള ഈ തിരഞ്ഞെടുപ്പ് കളി വേണ്ടെന്ന് അയ്യപ്പനും വിചാരിച്ചു കാണുമെന്നും കെ.സി. വേണുഗോപാൽ പരിഹസിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന ഇത്തരം തട്ടിക്കൂട്ട് പരിപാടികൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക മന്ത്രി സർക്കാരിനെ പുകഴ്ത്തിയതല്ല

കർണാടകയിലെ മന്ത്രി ഈ സർക്കാരിനെയല്ല പുകഴ്ത്തിയത്. അത് കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനമായിരുന്നു. ആ വിമർശനം തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് വിചാരിച്ചെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. കെ.ജെ. ഷൈനിനെതിരെ നടന്ന സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ആർക്കെതിരെയും സൈബർ ആക്രമണം പാടില്ലെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അയ്യപ്പസംഗമം പ്രഹസനം’

ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് വിഡി സതീശൻ. ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വിഡി സതീശൻ പ്രസ്താവനയിൽ ചോദിച്ചു. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്‍റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല.