ക്ഷേത്രോത്സവത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിന് നേരെ ഉയർന്ന സംഘപരിവാർ വിമർശനത്തിനെതിരെ കെ സി വേണുഗോപാൽ. സംഗീതത്തിൽ മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ഷേത്ര കമ്മിറ്റിയും ഭജൻസിന് പിന്തുണയുമായി എത്തി, ഇത് ഗ്രാമത്തിലെ സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ചു.

കോട്ടയം: ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിൽ നന്ദഗോവിന്ദം ഭജൻസിന് നേരെ സോഷ്യൽ മീഡ‍ിയയിലുണ്ടായ സംഘപരിവാർ ആക്രമണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേൽപ്പിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന അതിന്റെ സീമകൾ ലംഘിക്കുകയാണന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളും പള്ളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബി ജെ പി - ആർ എസ് എസ് സംഘം മതവിദ്വേഷം പടർത്തുന്ന നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിർത്തുമെന്നും കെ സി പറഞ്ഞു. മനുഷ്യരെ ചേർത്തുനിർത്തുന്നതാണ് ഈ നാടിന്റെ ഓരോ ആഘോഷങ്ങളും. മനുഷ്യനെ ഒന്നിച്ചുനിർത്തുന്നതാണ് സംഗീതവും. അതിനെ വർഗീയതയുമായി കൂട്ടിച്ചേർത്ത് ഈ നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടർന്നുപോവേണ്ടതില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ജനകീയമായും നേരിടും. സാംബശിവന്റെ കഥാപ്രസംഗവും കെ പി എ സിയുടെ നാടകങ്ങളും കണ്ടുതന്നെയാണ് ക്ഷേത്രമൈതാനങ്ങളും പള്ളിമുറ്റങ്ങളും ഇവിടെ മുൻപോട്ടുപോയിട്ടുള്ളത്. അതിനിയും തുടരുക തന്നെ ചെയ്യും. അൺറിയൽ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവർ പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് നന്ദഗോവിന്ദം ഭജൻസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നന്ദഗോവിന്ദം ഭജൻസിന് ക്ഷേത്ര കമ്മിറ്റിയുടെ പിന്തുണ

ക്ഷേത്രത്തിലെ പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിവാദമാക്കുന്നതിനെതിരെ നേരത്തെ നട്ടാശ്ശേരി വേമ്പികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി രംഗത്തെത്തിയിരുന്നു. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ഒരു തെറ്റുമില്ലെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലെ അവസ്ഥയെ തകർക്കരുതെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ച വീഡിയോ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിൽ എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ക്ഷേത്രത്തിൽ ഇത്തരം ഗാനങ്ങൾ ആലപിക്കാൻ പാടില്ല എന്നായിരുന്നു എതിർന്നയിച്ചവരുടെ വാദം. ഇതിനെയാണ് ക്ഷേത്ര കമ്മറ്റി തന്നെ എതിർപ്പ് അറിയിച്ച് രംഗത്ത് എത്തിയത്. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ല എന്ന് നന്ദഗോവിന്ദം ഭജൻസ് പറഞ്ഞു.