ആലപ്പുഴയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കെസി വേണുഗോപാൽ; രാഹുലിന്റെ സ്ഥാനാർത്ഥിത്വ തീരുമാനം ഒരാഴ്ചക്കുളളിൽ
പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പാക്കിയാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ആലപ്പുഴ : കോൺഗ്രസിന്റെ ലോക്സഭാ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടായേക്കും. വയനാട്ടിൽ മത്സരിക്കില്ലെന്ന സൂചന രാഹുൽ നൽകിയിട്ടില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
ലോക് സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് അമേഠിയില്‍ നിന്ന് വീണ്ടും ജനവിധി തേടാന്‍ രാഹുല്‍ തയ്യാറെടുക്കുന്നത്.
2019ലെ തോല്‍വിക്ക് ശേഷം കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായാണ് രാഹുല്‍ അമേഠിയിലേക്കെത്തിയത്. തൊഴിലില്ലായ്മയും, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും എണ്ണിപ്പറഞ്ഞ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം വോട്ടര്‍മാരോട് സംസാരിച്ചു. രാഹുലിന്‍റെ അമേഠി പര്യടനത്തിലുടനീളം യുവാക്കളുടെ വലിയ പിന്തുണയും കണ്ടു. തോല്‍വിയില്‍ ഭയന്ന രാഹുലിന് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് അമേഠിയിലേക്ക് നീങ്ങാനുള്ള തീരുമാനം. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.
സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് കരുതുന്നു.സിറ്റിംഗ് എംപി സ്മൃതി ഇറാനിക്ക് മണ്ഡലം നിലനിര്‍ത്തുക എളുപ്പമാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാചക വാതക വിലക്കയറ്റമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്കിടെ രോഷമുണ്ട്. സാഹചര്യം മനസിലാക്കി ഭാരത് ജോഡോ യാത്രയിലൂടെ അമേഠിയിലേക്ക് രാഹുല്‍ ഒരു റീ എന്‍ട്രി നടത്തുകയായിരുന്നു. രാഹുലിന്‍റെ സാധ്യത തള്ളാതെ കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ട മണ്ഡലമാണ് അമേഠിയെന്ന്, രാജീവ് ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയുമൊക്കെ മത്സര ചരിത്രം ഓര്‍മ്മപ്പെടുത്തി ജയറാം രമേശ് പ്രതികരിച്ചു.