കോട്ടയത്ത് കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച നിലയിൽ. വിജയശിൽപി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്.

കോട്ടയം: കെ സി വേണുഗോപാലിൻ്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ. കോട്ടയം നഗരത്തിൽ സ്ഥാപിച്ച ഫ്ലക്സിലാണ് കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തിയത്. വിജയശിൽപി കെ സി വേണുഗോപാലെന്ന് എഴുതിയ ഫ്ലക്സ് ബോർഡ് ഇന്നലെയാണ് സ്ഥാപിച്ചത്. അതേസമയം, ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ആരാകും പുതിയ മുഖ്യമന്ത്രി?

യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള തയ്യാറെടുപ്പുകളിലാണ് കോൺഗ്രസ്. ഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ഒരാളാകും മുഖ്യമന്ത്രി. ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു രണ്ട് പേരെ അനുനയിപ്പിക്കൽ ഹൈക്കമാൻഡിന് മുന്നിൽ വലിയ വെല്ലുവിളിയായി മാറുകയാണ്. എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തി അടുത്ത ആഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം. കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പിന്നോട്ടില്ല.