വാഹന മോഡിഫിക്കേഷനുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
കൊച്ചി: വാഹന മോഡിഫിക്കേഷനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യുന്നതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലെ അപകടങ്ങൾ ചൂണ്ടികാണിച്ചായിരുന്നു വിമർശനം. ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങളിലും വാഹന മോഡിഫിക്കേഷനിലെ പ്രശ്നങ്ങളെ തുടർന്നും ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടികൾ.

