നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പിവി അൻവറിനെ കാണാൻ വിസമ്മതിച്ച് കെസി വേണുഗോപാൽ

കോഴിക്കോട്: നിലമ്പൂർ‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പിവി അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തയ്യാറായില്ല. കോഴിക്കോടെത്തിയ കെസി വേണുഗോപാലിനെ കാണാൻ ഇവിടേക്ക് പുറപ്പെട്ട പിവി അൻവർ നിരാശനായി. കെസി വേണുഗോപാൽ വൈകാതെ ദില്ലിക്ക് മടങ്ങും. അതിനാൽ തന്നെ ഇന്ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കില്ല. 

അൻവറുമായുള്ള കൂടിക്കാഴ്‌ച മാധ്യമസൃഷ്‌ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും പ്രതികരിച്ച കെസി വേണുഗോപാൽ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.

പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെസി വേണുഗോപാലുമായി സംസാരിച്ചിരുന്നു. പിവി അൻവറിനെ അവഗണിക്കുന്ന നിലപാട് എടുക്കരുതെന്നായിരുന്നു മുസ്ലിം ലീഗിൻ്റെ നിലപാട്. ഇതേ തുടർന്നാണ് കെസി വേണുഗോപാലും പിവി അൻവറും കൂടിക്കാഴ്ച നടത്തുമെന്ന നില വന്നത്. എന്നാൽ ഇക്കാര്യത്തിൽ വിരുദ്ധ നിലപാട് കെസി വേണുഗോപാൽ സ്വീകരിച്ചതോടെ പിവി അൻവർ നിലമ്പൂരിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാധ്യത കൂടി വ‍ർധിക്കുകയാണ്.

YouTube video player