ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിലാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് നേതൃത്വം നൽകിയതെന്നും ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ബെംഗളൂരു സ്വദേശി അജികുമാർ ആണ് ഒരു ലക്ഷം രൂപ സംഭാവനയായി നൽകിയത്
തൃശൂര്‍: ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിലാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് നേതൃത്വം നൽകിയതെന്നും ദാരുശിൽപ്പി നന്ദകുമാര്‍ ഇളവള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബെംഗളൂരു സ്വദേശി അജികുമാർ ആണ് വാതിൽ പണിയുന്നതിനുള്ള ഒരു ലക്ഷം രൂപ സംഭാവനയായി നൽകിയത്. ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രിയാണ് വാതിൽ നിർമ്മാണം ആദ്യമായി ആവശ്യപ്പെടുന്നത്. അതിനുശേഷം ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ബന്ധപ്പെട്ടു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസമായിരുന്നു അളവെടുക്കാൻ സന്നിധാനത്ത് പോയത്. ചൊവ്വൂരുള്ള ജോൺസൺ എന്നയാളിൽ നിന്നാണ് വാതിൽ നിര്‍മിക്കുന്നതിനുള്ള നിലമ്പൂർ തേക്ക് വാങ്ങിയത്. കോട്ടയത്തുനിന്ന് വലിയ ആഘോഷമായിട്ടായിരുന്നു വാതിൽ പാളികൾ കൊണ്ടുപോയത്. ജയറാം ഉൾപ്പെടെയുള്ളവർ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. താൻ അടക്കമുള്ളവരെ ആദരിക്കുകയും ചെയ്തു.
ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു അക്കാര്യങ്ങള്‍ക്കെല്ലാം നേതൃത്വം നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് വാതിൽ നിര്‍മിച്ചതെന്നും ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ വെച്ചാണ് വാതിൽ തയ്യാറാക്കിയതെന്നും നന്ദകുമാര്‍ പറഞ്ഞു. വാതിൽ ബെംഗളൂരുവിൽ വെച്ച് നിര്‍മിച്ചശേഷം ഹൈദരാബാദിൽ വെച്ചാണ് ചെമ്പ് പൊതിഞ്ഞത്. ചെന്നൈയിലെത്തിച്ചാണ് സ്വര്‍ണം പൂശിയത്. നേരത്തെ ഉണ്ടായിരുന്ന വാതിലിലെ സ്വർണം പൂശിയ ലോക്കുകൾ തന്നെ വീണ്ടും ഉപയോഗിച്ചു. ഇപ്പോള്‍ പുതിയ വിവാദം ഉണ്ടാകുന്നതിന് നാലുദിവസം മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിരുന്നു. പണിത മര ഉരുപ്പടിയിൽ ചെമ്പു പാളികൾ ഒട്ടിച്ചിരുന്നോ എന്ന് ചോദിച്ചായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചത്. ചെമ്പു പാളികൾ താൻ ഒട്ടിച്ചിട്ടില്ലെന്നാണ് മറുപടി നൽകിയത്. അന്ന് അത് അസ്വഭാവികമായി തോന്നിയില്ലെന്നും പിന്നീട് വിവാദങ്ങൾ ഉണ്ടായതിനുശേഷമാണ് ആ വിളിയിൽ അസ്വാഭാവികത തോന്നിയതെന്നും നന്ദകുമാര്‍ ഇളവള്ളി പറഞ്ഞു.


